SHARE

അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ നാളെ ഇന്ത്യയെ നേരിടാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ ക്യാമ്പിനെ പരുക്ക് അലട്ടുന്നു. നേരത്ത പരുക്കേറ്റ പേസ് ബൗളര്‍ ജേസണ്‍ റാള്‍സ്റ്റണ് പകരമെത്തിയ ഓള്‍ റൗണ്ടര്‍ ആരോണ്‍ ഹാര്‍ഡിക്കാണ് ഇപ്പോള്‍ പരുക്കേറ്റിരിക്കുന്നത്. അടിവയറ്റില്‍ പരുക്കേറ്റ ഹാര്‍ഡിക്ക് പകരക്കാരനായി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ പാട്രിക് റോവിനെ ഓസ്‌ട്രേലിയ ടീമിലെത്തിച്ചിട്ടുണ്ട്. പകരക്കാരനായി പാട്രിക് റോവിനെ ടീമിലെത്തിക്കുന്നിത് ഇവന്റ് ടെക്‌നിക്കല്‍ കമ്മിറ്റി അനുവദിച്ചതായി ഐ സി സിയാണ് മാധ്യമങ്ങളെ അറിയിച്ചത്.

നാളെയാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഫൈനല്‍ നടക്കുന്നത്. സെമിഫൈനലില്‍ ചിരവൈരികളായ പാകിസ്ഥാനെ തകര്‍ത്ത് വിട്ട ഇന്ത്യ ആത്മവിശ്വാസത്തോടെയാണ് കളിക്കാനിറങ്ങുന്നത്. ഓസ്‌ട്രേലിയയാവട്ടെ, ഏഷ്യയിലെ പുതിയ പവര്‍ ഹൗസുകളായ അഫ്ഗാനിസ്ഥാനെയാണ് സെമിഫൈനലില്‍ മറികടന്നത്.

ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ 100 റണ്‍സിന് പരാജയപ്പെട്ടിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 328 റണ്‍സാണ് ഓസ്‌ട്രേലിയയ്‌ക്കെതിരെ അടിച്ചെടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ 228 റണ്‍സിന് പുറത്താവുകയും ചെയ്തു. ഈ ടൂര്‍ണ്ണമെന്റിലെ പ്രകടനം വിലയിരുത്തുമ്പോള്‍ ഫൈനലില്‍ അല്‍പ്പം മുന്‍തൂക്കമുള്ളത് ഇന്ത്യയ്ക്കാണ്. എന്തായാലും നാളത്തെ മത്സരം ആവേശകരമാവുമെന്നുറപ്പാണ്.