SHARE

ഏഷ്യാ കപ്പിൽ ബഹ്റിനെതിരായ ഇന്ത്യയുടെ മത്സരത്തിന്റെ ആദ്യ പകുതി ​ഗോൾരഹിത സമനിലയിൽ. അക്രമിച്ച് കളിച്ച ബഹ്റിന് മുന്നിൽ പ്രതിരോധക്കോട്ട കെട്ടിയാണ് ഇന്ത്യ പിടിച്ചുനിന്നത്.

മത്സരത്തിന്റെ കിക്കോഫിന് പിന്നാലെ തന്നെ ഇന്ത്യക്ക് തിരിച്ചടി നേരിട്ടു. ആദ്യ മിനിറ്റിൽ‍ തന്നെ മലയാളി പ്രതിരോധതാരം അനസ് എടത്തൊടികയ്ക്ക് പരിക്കേറ്റു. തുടർന്ന് പകരക്കാരനായി സലാം രഞ്ജൻ സിങ് ഇറങ്ങി. പിന്നാലെ ബഹ്റിൻ മുന്നേറ്റമായിരുന്നു കണ്ടത്. ​ഗോളിലേക്ക് ആദ്യ ശ്രമം നടത്തിയതും അവർ തന്നെ.

ക്യാപ്റ്റൻ പ്രണോയ് ഹാൾഡറിൽ നിന്ന് പന്ത് തട്ടിയെടുത്ത് ബഹ്റിൻ മുന്നേറ്റതാരം മുഹമ്മദലി റൊമെയ്ഹി തൊടുത്ത ഷോട്ട് ​ഗുർപ്രീത് തട്ടിയകറ്റി. തുടർന്ന് ബഹ്റിൻ നിരന്തര മുന്നേറ്റമായിരുന്നു. എന്നാൽ പലപ്പോഴും ഓഫ് സൈഡ് കൊടിയുയർന്നതും സന്ദേശ് ജിം​ഗന്റെ നതൃത്വത്തിലുള്ള പ്രതിരോധ നിര ജാ​ഗ്രത കാത്തതും ഇന്ത്യക്ക് രക്ഷയായി.

തുടക്കത്തിൽ ബഹ്റൻ താരങ്ങളുടെ പ്രസിങ് ​ഗെയിമിന് മുന്നിൽ പരുങ്ങിയ ഇന്ത്യ പതിയെ കളം പിടിച്ചു. പന്ത് കൂടുതലും ബഹ്റൻ താരങ്ങളുടെ കാലിലായിരുന്നെങ്കിലും, കിട്ടിയ അവസരങ്ങളിൽ മികച്ച ചെറുപാസുകളുമായി ഇന്ത്യ ആക്രമണം മെനഞ്ഞു. എങ്കിലും മുൻനിരയ്ക്ക് അവസരം മുതലാക്കാനായില്ല.പന്ത്രണ്ടാം മിറ്റിൽ പ്രീതം കോട്ടാൽ ബോക്സിലേക്ക് നൽകിയ ഒന്നാന്തരമൊരു ക്രോസ് ഹെഡ് ചെയ്യുന്നതിൽ ആഷിഖിന് പിഴച്ചു.

28-ാം മിനിറ്റിലാണ് ഇന്ത്യ നടത്തിയ ഏറ്റവും മികച്ച നീക്കം, ചെറിയ പാസുകളിലൂടെ നടത്തിയ മുന്നേറ്റത്തിനൊടുവിൽ നർസാരി ബോക്സിലേക്ക് നൽകിയ പന്ത്, ഛേത്രിക്ക് മുന്നിൽ വെച്ചത് സുവർണാവസരമായിരുന്നു.എന്നാൽ ഛേത്രിയിലേക്ക് പന്തെത്തുന്നതിന് മുമ്പ് ബഹ്റിൻ താരത്തിന്റെ കൃത്യമായ ഇടപെടലെത്തി.

ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ മികച്ച അവസരം ബഹ്റിനെ തേടിയെത്തി. ലഭിച്ച കോർണർ കിക്കിൽനിന്ന് ബഹ്റിൻ താരം തൊടുത്ത ഹെഡർ ഇന്ത്യൻക്യാപ്റ്റൻ ഒന്നാന്തരമൊരു ബ്ലോക്കിലൂടെ നിർവീര്യമാക്കി.