SHARE

കഴിഞ്ഞ മാസം ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്ന് മത്സര ടെസ്റ്റ് പരമ്പര നടന്നത് മുക്കാൽ ഭാഗവും കാലിയായ ഗ്യാലറികൾക്ക് മുന്നിലായിരുന്നു. കാണികൾ സ്റ്റേഡിയത്തിലെത്താൻ മടികാണിച്ചത് ഈ മത്സരങ്ങളുടെ ആവേശത്തേയും കാര്യമായി ബാധിച്ചു. പരമ്പരയ്ക്ക് ശേഷം ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും, സ്റ്റേഡിയത്തിലേക്ക് കാണികൾ എത്താത്തതിൽ നിരാശ രേഖപ്പെടുത്തിയിരുന്നു.

ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യ അടുത്ത ടെസ്റ്റ് പരമ്പര കളിക്കുന്നത്. ഇൻഡോറിലും, കൊൽക്കത്തയിലുമാണ് ഈ പരമ്പരയിലെ രണ്ട് മത്സരങ്ങൾ നടക്കുക. ഇതിൽ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കുന്ന രണ്ടാം ടെസ്റ്റ് ഡേ-നൈറ്റ് മത്സരമായതിനാൽ കാണികൾ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുമെന്ന കാര്യം ഉറപ്പാണ്. ഇപ്പോളിതാ ആദ്യ ടെസ്റ്റ് നടക്കുന്ന ഇൻഡോറിലും ഗ്യാലറി നിറയുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്‌‌

ഈ മാസം പതിനാലാം തീയതിയാണ് ഇൻഡോർ ടെസ്റ്റ് ആരംഭിക്കുന്നത്‌. നവംബർ മൂന്നിന് മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പനയും ആരംഭിച്ചു‌. ടിക്കറ്റ് വിൽപ്പന തുടങ്ങിയത് മുതൽ മികച്ച പ്രതികരണമായിരുന്നു ക്രിക്കറ്റ് പ്രേമികളുടെ ഭാഗത്ത് നിന്നുണ്ടായത്. വിൽപ്പനയ്ക്ക് വെച്ചിട്ടുള്ള ടിക്കറ്റുകളുടെ 40 ശതമാനത്തോളം ടിക്കറ്റുകൾ ഇതിനോടകം വിറ്റ് പോയി. 27000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന സ്റ്റേഡിയത്തിലെ 16000 ടിക്കറ്റുകളാണ് വില്പനയ്ക്ക് വെച്ചിട്ടുള്ളത്. ബാക്കിയുള്ള 11000 ടിക്കറ്റുകൾ സ്പോൺസർമാർക്കും മറ്റുമാണ്. വില്പനയ്ക്ക് വെച്ച ടിക്കറ്റുകളിൽ ഏഴായിരത്തോളം ടിക്കറ്റുകളാണ് ഇതിനോടകം വിറ്റു തീർന്നത്. ഇനി ബാക്കിയുള്ളത് ഒൻപതിനായിരത്തോളം ടിക്കറ്റുകൾ മാത്രവും. വരും ദിവസങ്ങളിൽ ഈ ടിക്കറ്റും വിറ്റ് പോകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.