SHARE

ഈ മാസം ബംഗ്ലാദേശിനെതിരെ തങ്ങളുടെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റ് മത്സരം കളിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ‌. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ഈ മാസം 22 മുതൽ 26 വരെയാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റ് നടക്കുക. ഇതിന്‌ മുൻപ് ഇന്ത്യയിൽ അന്താരാഷ്ട്ര ഡേ-നൈറ്റ് ടെസ്റ്റ് മത്സരം നടന്നിട്ടില്ലാത്തതിനാൽ ഈ മത്സരത്തിന്റെ സമയക്രമം എങ്ങനെയായിരിക്കുമെന്ന കാര്യത്തിൽ ക്രിക്കറ്റ് പ്രേമികൾക്ക് വലിയ ആശയക്കുഴപ്പമുണ്ടായിരുന്നു. ഇപ്പോളിതാ ഈ ആശയക്കുഴപ്പത്തിന് അവസാനമായിരിക്കുന്നു.

സാധാരണ ഇന്ത്യയിൽ ഡേ-നൈറ്റ് ഏകദിന മത്സരങ്ങൾ ആരംഭിക്കുന്ന ഉച്ചയ്ക്ക് 2.30 ന് തന്നെയായിരിക്കും ഡേ-നൈറ്റ് ടെസ്റ്റ് മത്സരവും ആരംഭിക്കുകയെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും രാത്രിയിലെ മഞ്ഞ് വീഴ്ച കണക്കിലെടുത്ത് മത്സരം അല്പം നേരത്തെ തുടങ്ങാൻ അധികൃതർ തീരുമാനിച്ചിരിക്കുന്നു. ഉച്ചയ്ക്ക് 1 മണിക്ക് ആരംഭിച്ച് രാത്രി 8 മണിക്ക് അവസാനിക്കത്തക്ക വിധത്തിലായിരിക്കും ഇന്ത്യയിലെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റ് മത്സരം നടക്കുക. 8 മണിക്ക് ശേഷവും കളി തുടരുന്നത് പന്തിൽ വലിയ രീതിയിൽ നനവ് വരുത്തുമെന്നതിനാലാണ് ഈ സമയക്രമം അധികൃതർ തിരഞ്ഞെടുത്തിരിക്കുന്നത്‌.

1 മണിക്ക് ആരംഭിക്കുന്ന മത്സരത്തിന്റെ ആദ്യ സെഷൻ 3 മണി വരെ നീണ്ട് നിൽക്കും. രണ്ടാം സെഷൻ 3.40 ന് ആരംഭിച്ച് 5.40 വരെയായിരിക്കും. അവസാന സെഷനാവട്ടെ 6 മണിക്ക് തുടങ്ങി 8 മണിക്ക് അവസാനിക്കും. മൂന്ന് സെഷനുകളിലും 2 മണിക്കൂർ വീതം കളി സമയമായിരിക്കും ഉണ്ടാവുക.