SHARE

ചൈനയ്‌ക്കെതിരേ അവരുടെ നാട്ടില്‍ സൗഹൃദത്തിനിറങ്ങുമ്പോള്‍ കടുത്ത ഇന്ത്യന്‍ ആരാധകന്‍ പോലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല ഇതുപോലൊരു റിസല്‍ട്ട്. ഗോള്‍ കുറഞ്ഞൊരു ആശ്വാസ തോല്‍വി അതുതന്നെ വലിയ അത്ഭുമെന്ന രീതിയിലാണ് മത്സരത്തിനു മുമ്പേ ചര്‍ച്ചകള്‍ നടന്നത്. എന്നാല്‍ ചൈനീസ് മടയില്‍ പോയി അവരെ വെല്ലുവിളിച്ചു രാജകീയമായി തന്നെയാണ് സന്ദേശ് ജിംഗനും സംഘവും ബീജിംഗില്‍ നിന്ന് മടങ്ങുന്നത്.

നിരവധി തവണ ഇന്ത്യന്‍ പോസ്റ്റിനെ ചൈനീസ് ടീം വിറപ്പിച്ചെന്നത് ശരിതന്നെ. എന്നിട്ടും ഇത്രമേല്‍ കരുത്തരായൊരു ടീമിനെ സമനിലയില്‍ തളയ്ക്കുകയെന്നത് വലിയ കാര്യം തന്നെ. കിട്ടിയ സുവര്‍ണാവസരങ്ങള്‍ രണ്ടെണ്ണം ഇന്ത്യ പ്രയോജനപ്പെടുത്തിയിരുന്നെങ്കില്‍ ഫലം തന്നെ വ്യത്യസ്തമായേനെ. പ്രതിരോധത്തിലെ മികവും ഗോളി ഗുര്‍പ്രീത് സിംഗ് സന്ധുവിന്റെ സേവുകളുമാണ് ഇന്ത്യയെ രക്ഷിച്ചതെന്ന് പറയാം. എന്നിരുന്നാലും ടീമെന്ന നിലയില്‍ കൂടുതല്‍ ഒത്തൊരുമ കളത്തില്‍ കാണിക്കാന്‍ ടീമിനായി.

അടുത്തവര്‍ഷം ജനുവരിയില്‍ ഏഷ്യാകപ്പ് നടക്കാനിരിക്കെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ ആത്മവിശ്വാസമാകും ഈ മത്സരം നല്കുക. വലിയ ടീമുകളോട് ഏറ്റുമുട്ടാനുള്ള കരുത്ത് നാം പതിയെ പതിയെ സ്വന്തമാക്കി കൊണ്ടിരിക്കുന്നുവെന്ന തിരിച്ചറിവു തന്നെയാകും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചൈന യാത്രയിലെ വലിയ നേട്ടം.