SHARE

എസെക്‌സിനെതിരെ നടന്ന് കൊണ്ടിരിക്കുന്ന ത്രിദിന പരിശീലന മത്സരത്തില്‍ മികച്ച സ്‌കോര്‍ നേടി ഇന്ത്യ. ആദ്യ ഇന്നിംഗ്‌സില്‍ 395 റണ്‍സിനാണ് ഇന്ത്യ ഓള്‍ ഔട്ടായത്. 11ാമനായി ഇറങ്ങിയ ഋഷഭ് പന്ത് 26 പന്ത് നേരിട്ട് 34 റണ്‍സ് നേടി. പരിശീലന മത്സരമായതിനാല്‍ ഇന്ത്യ ബാറ്റ്‌സ്മാന്‍മാര്‍ക്കെല്ലാം അവസരം നല്‍കുകയായിരുന്നു.

322-6 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ 82 റണ്‍സെടുത്ത ദിനേഷ് കാര്‍ത്തിക്കിനെ പെട്ടെന്ന് നഷ്ടമായി. കരുണ്‍ നായര്‍ 4 റണ്‍സെടുത്ത് പുറത്തായെങ്കിലും ക്രീസിലെത്തിയ ഹാര്‍ദിക് പാണ്ഡ്യ മികച്ച ഫോമിലായിരുന്നു. താരം 51 റണ്‍സെടുത്താണ് മടങ്ങിയത്. അവസാനക്കാരനായി അശ്വിനെ ഇറക്കാതെ ഇന്ത്യ ഋഷഭ് പന്തിന് അവസരം നല്‍കി. ആറു ഫോറുകള്‍ പായിച്ച താരം പുറത്താവാതെ നിന്നു.

കോഹ്ലി (68), കെ എല്‍ രാഹുല്‍ (58), മുരളി വിജയ് (53) എന്നിവരും ഇന്ത്യന്‍ നിരയില്‍ തിളങ്ങി. ശിഖര്‍ ധവാന്‍ (0), ചേതേശ്വര്‍ പൂജാര (1), കരുണ്‍ നായര്‍ (4) എന്നിവരാണ് നിരാശപ്പെടുത്തിയത്. എസെക്‌സിന് വേണ്ടി പോള്‍ വാള്‍ട്ടര്‍ 4 വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ എസെക്‌സ് വിക്കറ്റ് നഷ്ടപ്പെടാതെ 4 റണ്‍സെടുത്തിട്ടുണ്ട്.