SHARE

എസെക്‌സിനെതിരെ നടന്ന് കൊണ്ടിരിക്കുന്ന ത്രിദിന സന്നാഹ മത്സരത്തില്‍ ഇന്ത്യ ഭേദപ്പെട്ട നിലയില്‍. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആദ്യ ഇന്നിംഗ്‌സില്‍ 213-5 എന്ന നിലയിലാണ് ഇന്ത്യ. 41 റണ്‍സെടുത്ത കെ എല്‍ രാഹുലും 27 റണ്‍സെടുത്ത ദിനേഷ് കാര്‍ത്തിക്കുമാണ് ക്രീസിലുള്ളത്. എസെക്‌സിന് വേണ്ടി മാറ്റ് കോള്‍സും പോള്‍ വാള്‍ട്ടറും രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് അഞ്ചു റണ്‍സെടുക്കുന്നതിനിടെ രണ്ടു വിക്കറ്റുകളാണ് നഷ്ടമായത്. ഓപ്പണര്‍ ശിഖര്‍ ധവാന്‍ (0), ചേതേശ്വര്‍ പൂജാര (1) എന്നിവരെ മാറ്റ് കോള്‍സാണ് പവലിയനിലേക്ക് മടക്കിയത്. അജിങ്ക്യ രഹാനെ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും 17 റണ്‍സെടുത്ത് മാത്യൂ ക്വിന്നിന് വിക്കറ്റ് സമ്മാനിച്ചു. അതോടെ 44-3 എന്ന നിലയിലായി ഇന്ത്യ. പിന്നീട് മുരളി വിജയും കോഹ്ലിയും ചേര്‍ന്ന് ഇന്ത്യയെ കര കയറ്റുകയായിരുന്നു.

100-3 എന്ന നിലയില്‍ രണ്ടാം സെഷന്‍ ആരംഭിച്ച ഇന്ത്യന്‍ നിരയില്‍ വിരാട് കോഹ്ലിയും മുരളി വിജയും അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. ഒടുവില്‍ 53 റണ്‍സെടുത്ത മുരളി വിജയിനെ പുറത്താക്കി പോള്‍ വാള്‍ട്ടര്‍ കൂട്ടുകെട്ട് പൊളിച്ചു. തൊട്ടു പിന്നാലെ 68 റണ്‍സെടുത്ത വിരാട് കോഹ്ലിയും പുറത്താക്കി. എന്നാല്‍ ക്രീസില്‍ ഒത്തുചേര്‍ന്ന കെ എല്‍ രാഹുലും ദിനേഷ് കാര്‍ത്തിക്കും വലിയ പരുക്കുകളില്ലാതെ ഇന്ത്യയെ മുന്നോട്ടു നയിക്കുകയാണ്.