SHARE

ഈ വർഷത്തെ ഏഷ്യാകപ്പിൽ ഇന്ത്യ ഇന്ന് തങ്ങളുടെ ആദ്യ പോരാട്ടത്തിനിറങ്ങുകയാണ്. ക്രിക്കറ്റിലെ കുഞ്ഞന്മാരായ ഹോങ്കോങ്ങാണ് ആദ്യ മത്സരത്തിൽ ഇന്ത്യയുടെ എതിരാളി. ക്രിക്കറ്റ് ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് ഇന്ത്യ, ഹോങ്കോങ്ങിനെതിരെ കളിക്കാനൊരുങ്ങുന്നത്. ആദ്യമായും അവസാനമായും 2008 ലെ ഏഷ്യകപ്പിലാണ് അവർ ഏറ്റുമുട്ടിയത്. അന്ന് 256 റൺസിന്റെ തകർപ്പൻ ജയം ഇന്ത്യ സ്വന്തമാക്കിയിരുന്നു.

പാകിസ്ഥാനിലെ കറാച്ചിയിൽ നടന്ന അന്നത്തെ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുക യായിരുന്നു. നായകൻ എം.എസ് ധോണി, സുരേഷ് റെയ്ന എന്നിവരുടെ തകർപ്പൻ സെഞ്ചുറികളും, ഗംഭീർ, സേവാഗ് എന്നിവരുടെ അർധ സെഞ്ചുറികളും നിശ്ചിത 50 ഓവറുകളിൽ ടീം ഇന്ത്യയ്ക്ക് സമ്മാനിച്ചത്, 374/4 എന്ന പടുകൂറ്റൻ സ്കോറാണ്. ധോണി (109*), റെയ്ന (101), സേവാഗ് (44 പന്തിൽ 78), ഗംഭീർ (51) എന്നിങ്ങനെയായിരുന്നു അന്ന് ഇന്ത്യയ്ക്ക് വേണ്ടി സ്കോർ ചെയ്തത്‌.

-Advertisement-

മറുവശത്ത് ഹിമാലയൻ വിജയ ലക്ഷ്യം പിന്തുടർന്ന ഹോങ്കോങ്ങ്, ഇന്ത്യൻ സ്പിന്നർമാർക്ക് മുന്നിൽ കറങ്ങി വീഴുകയായിരുന്നു. 4 വിക്കറ്റെടുത്ത പീയൂഷ് ചൗളയും, 2 വിക്കറ്റെടുത്ത വീരേന്ദർ സേവാഗുമാണ് ഇന്ത്യൻ ബോളിംഗിൽ തിളങ്ങിയത്. 10 വർഷത്തിന് ശേഷം ഒരിക്കൽക്കൂടി ഇന്ത്യ-ഹോങ്കോങ്ങ് പോരാട്ടമെത്തുമ്പോൾ ഇന്ത്യയുടെ അനായാസ ജയം തന്നെയാണ് ക്രിക്കറ്റ് ലോകം പ്രതീക്ഷിക്കുന്നതെങ്കിലും 2008 ലെ ടീമിനേക്കാൾ ഏറെ വളർന്ന ഹോങ്കോങ്ങ് ടീമിന് മികച്ച പോരാട്ടം ഇത്തവണ കാഴ്ച വെക്കാൻ കഴിയുമെന്ന് ക്രിക്കറ്റ് പണ്ഡിതന്മാർ വിലയിരുത്തുന്നു.