SHARE

ഗോളി ഗോളടിക്കുന്ന അപൂര്‍വ ദൃശ്യത്തിന് ആരാധകരും സാക്ഷിയായപ്പോള്‍ ജോര്‍ദാനെതിരായ രാജ്യാന്തര സൗഹൃദ മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. 2-1നാണ് ജോര്‍ദാന്‍ ജയിച്ചത്. രാവിലെ വരെ പെയ്ത കനത്ത മഴയില്‍ നനഞ്ഞ മൈതാനത്ത് കളി പലപ്പോഴും നിലവാരത്തില്‍ താഴെയായി. ഇരുപത്തഞ്ചാം മിനിറ്റില്‍ ജോര്‍ദാന്‍ ഗോളി അമീര്‍ സാഫിയാണ് ആദ്യ ഗോള്‍ നേടിയത്. പകരക്കാരന്‍ നിഷുകുമാറാണ് ഇന്ത്യയുടെ ഗോളിനുടമ.

എട്ടാം മിനിറ്റില്‍ വഴങ്ങിയ പെനാല്‍റ്റി രക്ഷിച്ചു താരമായി നിന്ന ഗുര്‍പ്രീത് ജീവിതത്തില്‍ മറക്കാന്‍ ആഗ്രഹിക്കുന്ന നിമിഷമാകും ഇരുപത്തഞ്ചാം മിനിറ്റില്‍ അമീര്‍ ജോര്‍ദാന്‍ പോസ്റ്റില്‍ നിന്ന് തൊടുത്ത കിക്ക് നേരെ ഗുര്‍പ്രീതിന്റെ മുന്നില്‍ കുത്തി ഉയര്‍ന്നു. പന്തിന്റെ അപ്രതീക്ഷിത ഉയര്‍ച്ച തടുക്കാന്‍ ഗുര്‍പ്രീത് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

അതുവരെ കളത്തിലേ ഇല്ലായിരുന്ന ഇന്ത്യ പിന്നീടങ്ങോട്ട് നിരാശരാകാനേ ഈ ഗോള്‍ ഉപകരിച്ചുള്ളു. ചൈനയ്‌ക്കെതിരേ പോരാടി കളിച്ച ഇന്ത്യയുടെ നിഴല്‍ മാത്രമായിരുന്നു ജോര്‍ദാനില്‍ കണ്ടത്. ദീര്‍ഘയാത്രയുടെ ആലസ്യവും ചില കളിക്കാരുടെ കിറ്റ് നഷ്ടപ്പെട്ടതും എല്ലാം ചേര്‍ന്ന് അനിശ്ചിതത്വം നിറഞ്ഞ നിമിഷങ്ങള്‍ക്കൊടുവിലാണ് മത്സരം നടന്നത്.

രണ്ടാംപകുതിയില്‍ ഭേദപ്പെട്ട പ്രകടനമാണ് ഇന്ത്യ നടത്തിയത്. പകരക്കാരനായി ഇറങ്ങി ഗോളടിച്ച നിഷു കുമാറാണ് ഇന്ത്യയുടെ ഗോള്‍ നേടിയത്. കളത്തിലിറങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ വലകുലുക്കാന്‍ നിഷുവിനായി. അറുപത്തൊന്നാം മിനിറ്റിലായിരുന്നു ഈ ഗോള്‍. ഇതിനു മൂന്നുമിനിറ്റ് മുമ്പാണ് ജോര്‍ദാന്‍ രണ്ടാംഗോള്‍ നേടുന്നത്. എഹ്‌സാന്‍ ഹദാതാണ് വലകുലുക്കിയത്.