SHARE

ഏഷ്യാ കപ്പ് യോഗ്യതാ റൗണ്ടിലെ അവസാന പോരാട്ടത്തിൽ ഇന്ത്യ ഇന്ന് കിർഗിസ്ഥാനെ നേരിടും. 2019 ൽ യു.എ.ഇ യിൽ നടക്കുന്ന ഏഷ്യാകപ്പിലേക്ക് നേരത്തെ തന്നെ യോഗ്യത നേടിയതിനാൽ ഇരുടീമുകൾക്കും ഇന്നത്തെ മത്സരം പ്രസക്തമല്ല, എങ്കിലും നായകൻ സുനിൽ ഛേത്രിയുടെ അഭാവത്തിൽ ഇന്ത്യൻ മുന്നേറ്റനിരയുടെ മികവ് അളക്കാൻ ഇന്നത്തെ മത്സരം വഴി വെക്കും. നേരത്തെ ബെംഗളൂരുവിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഇന്ത്യ 1-0 ന് കിർഗിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു.

കിർഗിസ്ഥാന്റെ തലസ്ഥാന നഗരിയായ ബിഷ്ടക്കിൽ ഇന്ത്യൻ സമയം വൈകിട്ട് 7.30 നാണ് മത്സരം തുടങ്ങുക. സ്റ്റാർ സ്പോർട്സ് രണ്ടിൽ മത്സരത്തിന്റെ തത്സമയ സംപ്രേഷണമുണ്ട്. അപ്രസക്തമായ മത്സരമാണെങ്കിലും കിർഗിസ്ഥാനിൽ നിന്ന് കനത്ത പരാജയം നേരിടേണ്ടി വന്നാൽ ഗ്രൂപ്പ് എ യിലെ പോയിന്റ് ടേബിളിൽ ഇന്ത്യ പിന്തള്ളപ്പെടാൻ സാധ്യതയുണ്ട്. ഇങ്ങനെ വന്നാൽ അത് ടൂർണമെന്റിന്റെ ഡ്രോയിൽ ടീം ഇന്ത്യയെ മോശമായി ബാധിക്കും.

മലയാളി താരം അനസ് എടത്തൊടിക ഇന്നത്തെ മത്സരത്തിൽ പ്ലേയിംഗ് ഇലവനിലെത്തും എന്നാണ് കരുതുന്നത്. ഏത് വിധേനയും ഇന്നത്തെ മത്സരത്തിൽ ജയിക്കാനാകും തങ്ങൾ കളിക്കുകയെന്നും, തോൽക്കാനല്ല തങ്ങൾ ഇവിടെ വന്നിരിക്കുന്നതെന്നും മത്സരത്തിന് മുൻപ് നടത്തിയ പ്രെസ് കോൺഫറൻസിൽ ഇന്ത്യൻ കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈൻ പറഞ്ഞു‌. പരിശീലകന്റെ വാക്കുകൾ വെച്ച് നോക്കുകയാണെങ്കിൽ തങ്ങളുടെ ഒന്നാം നമ്പർ ടീമിനെത്തന്നെയാകും ഇന്ത്യ ഇന്ന് കളത്തിലിറക്കുക.