SHARE

ന്യൂസിലന്‍ഡിനെതിരെ നടന്ന ആദ്യ ലോകകപ്പ് സന്നാഹ മത്സരത്തില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ. കെന്നിംഗ്ടണ്‍ ഓവലില്‍ വെച്ച് നടന്ന മത്സരത്തില്‍ ആറു വിക്കറ്റുകള്‍ക്കാണ് ന്യൂസിലന്‍ഡ് ഇന്ത്യയെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 39.2 ഓവറില്‍ 179 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ കിവീസ് 37.1 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയെ 33 റണ്‍സ് വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തിയ ട്രെന്റ് ബോള്‍ട്ടാണ് തകര്‍ത്തത്. 50 പന്ത് നേരിട്ട് 54 റണ്‍സെടുത്ത രവീന്ദ്ര ജഡേജയുടെ പ്രകടനമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഹാര്‍ദിക് പാണ്ഡ്യ (30), കുല്‍ദീപ് യാദവ് (19) വിരാട് കോഹ്ലി (18), എം എസ് ധോണി (17) എന്നിവരായിരുന്നു മറ്റു പ്രധാന സ്‌കോറര്‍മാര്‍. രോഹിത് ശര്‍മ്മ (2), ശിഖര്‍ ധവാന്‍ (2), കെ എല്‍ രാഹുല്‍ (6), ദിനേഷ് കാര്‍ത്തിക് (4) എന്നിവരെല്ലാം നിരാശപ്പെടുത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡിനെ റോസ് ടെയ്‌ലര്‍ (71), കെയ്ന്‍ വില്യംസണ്‍ (67), മാര്‍ട്ടിന്‍ ഗുപ്ടില്‍ (22), ഹെന്റി നിക്കോള്‍സ് (15) എന്നിവര്‍ ചേര്‍ന്ന് വിജയത്തിലേക്ക് നയിച്ചു. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ, യുസ്വേന്ദ്ര ചാഹല്‍, രവീന്ദ്ര ജ‍ഡേജ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.