SHARE

ഇംഗ്ലണ്ടിൽ നടന്ന്‌ കൊണ്ടിരിക്കുന്ന ഇപ്രാവശ്യത്തെ ഏകദിന ലോകകപ്പിൽ മൂന്ന് മത്സരങ്ങളാണ് മഴയെത്തുടർന്ന് ഉപേക്ഷിക്കേണ്ടി‌ വന്നത്.‌ ഇതോടെ ലീഗ് മത്സരങ്ങൾക്ക് റിസർവ്വ് ദിനങ്ങൾ വെക്കാതിരുന്ന ഐസിസിക്കെതിരെ ആഞ്ഞടിച്ച് ക്രിക്കറ്റ് ലോകം ഒന്നടങ്കം രംഗത്തെത്തി. മഴ ശക്തമായിത്തന്നെ തുടരുന്നതിനാൽ ഈ ലോകകപ്പിലെ ചില മത്സരങ്ങൾ കൂടി മുടങ്ങിയേക്കുമെന്ന് സൂചനകളുണ്ട്.

ഈ ലോകകപ്പിൽ ക്രിക്കറ്റ് പ്രേമികൾ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്നത് ജൂൺ 16 ന് നടക്കാനിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടത്തിനാണ്. മഴ തുടർച്ചയായി ലോകകപ്പ് മത്സരങ്ങളെ ബാധിക്കുന്ന ‌സാഹചര്യത്തിൽ ഇന്ത്യ-പാക് മത്സരം നടക്കുമോയെന്ന് പോലും ക്രിക്കറ്റ് പ്രേമികൾക്ക് ഇപ്പോൾ ഉറപ്പില്ല. എന്നാൽ ക്രിക്കറ്റ് ലോകത്തിന് മുഴുവൻ ആശ്വാസം നൽകുന്ന വാർത്തയാണ് കാലാവസ്ഥാ നിരീക്ഷകർ നൽകുന്നത്.

ജൂൺ 16 ന് ഇന്ത്യാ-പാക് മത്സരം നടക്കാനിരിക്കുന്ന മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോഡിൽ മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥാ പ്രവചനം. ചെറിയ ചാറ്റൽമഴ പെയ്താൽ കൂടി വളരെ വേഗം അത് മാറുമെന്നും, മത്സരദിനം വെയിൽ പ്രതീക്ഷിക്കാമെന്നും ബിബിസി അടക്കമുള്ളവർ റിപ്പോർട്ട് ചെയ്യുന്നു. മഴ ഇന്ത്യ-പാക്‌പോരാട്ടത്തിൽ വില്ലനായേക്കില്ലെന്ന കാലാവസ്ഥാ റിപ്പോർട്ട് ക്രിക്കറ്റ് പ്രേമികൾക്ക് വലിയ ആവേശമാണ് നൽകുന്നത്.