SHARE

ഇന്ത്യയും ദക്ഷിണാഫ്രിക്ക യും തമ്മിൽ നാളെ പൂനെയിൽ ആരംഭിക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റ് മത്സരത്തിന് മഴ ഭീഷണി. അടുത്ത അഞ്ച് ദിവസത്തേക്ക് പൂനെയിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥ പ്രവചനമാണ് ക്രിക്കറ്റ് പ്രേമികൾക്ക് തലവേദന നൽകുന്നത്. മത്സരത്തിന്റെ ആദ്യ ദിനമായ നാളെ കറുത്തിരുണ്ട കാലാവസ്ഥയായിരിക്കുമെന്നും, വെളിച്ചക്കുറവ് മത്സരത്തിന് തിരിച്ചടിയായേക്കുമെന്നും റിപ്പോർട്ടുണ്ട്.

ഈ വർഷം അപ്രതീക്ഷിതമായ മഴയാണ് പൂനെയിൽ ലഭിച്ച് കൊണ്ടിരിക്കുന്നത്. രണ്ടാം ടെസ്റ്റ് ആരംഭിക്കാനിരിക്കുന്ന നാളെ ഇടിയും മിന്നലും കൂടിയുള്ള മഴ പെയ്തേക്കുമെന്നും, മൂന്നാം സെഷനെത്തുന്നതിന് മുന്നേ വെളിച്ചക്കുറവ് മൂലം കളി നിർത്തേണ്ടി‌വരുമെന്നും കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. അതേ സമയം മത്സരം നടക്കാനിരിക്കുന്ന പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലെ ഡ്രെയിനേജ്‌ സിസ്റ്റം ഏറെ മികച്ചതായതിനാൽ കളിക്കിടെ മഴ പെയ്താലും 20 മിനുറ്റിനകം മത്സരം പുനരാരംഭിക്കാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്.