SHARE
ഫയല്‍ചിത്രം

ബംഗ്ലാദേശില്‍ നടക്കുന്ന സാഫ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യ ആദ്യ പകുതിയില്‍ 1-0ത്തിന് മുന്നില്‍. ആഷിഖ് കുരുണിയന്‍ ആണ് (35) ഇന്ത്യയ്ക്കായി ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ ഇന്ത്യന്‍ ആധിപത്യമായിരുന്നു.

മലയാളി താരം ആഷിഖ് കുരുണിയനെ ഉള്‍പ്പെടുത്തിയാണ് കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്ററൈന്‍ ടീമിനെ ഇറക്കിയത്. ഗോള്‍പോസ്റ്റിന് കീഴെ വിശാല്‍ കെയ്ത്തും. കളി തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ ഇന്ത്യ മുന്നിലെത്തിയെന്നു തോന്നിച്ചതാണ്. ക്യാപ്റ്റന്‍ സുഭാശിഷ് ബോസിന്റെ ക്രോസില്‍ ആഷിഖിന് അവസരം ലഭിച്ചെങ്കിലും ലങ്കന്‍ പ്രതിരോധം അപകടം ഒഴിവാക്കി. കളി മുന്നേറുംതോറും ഇന്ത്യന്‍ ആക്രമണങ്ങളുടെ മൂര്‍ച്ചയും കൂടി വന്നു.

പതിമൂന്നാം മിനിറ്റില്‍ സുഭാശിഷിന്റെ തന്നെ മറ്റൊരു സുന്ദരന്‍ ക്രോസ് ലങ്കന്‍ പോസ്റ്റില്‍ പറന്നിറങ്ങിയെങ്കിലും ലാലിയന്‍സുവാല ചാങ്‌തേയ്ക്ക് അവസരം മുതലാക്കാനായില്ല. 30 മിനിറ്റിനുശേഷം കടുത്ത ചൂടുമൂലം ഒരു ഇടവേള നല്കുന്നതിനും ബംഗബന്ധു സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. മുപ്പത്തിയഞ്ചാം മിനിറ്റില്‍ ഇന്ത്യ കാത്തിരുന്ന നിമിഷമെത്തി. ഇരട്ടി മധുരം സമ്മാനിച്ച് ആഷിഖിന്റെ ഗോള്‍. സുമീത് പാസിയുടെ പാസില്‍ നിന്നായിരുന്നു ഗോള്‍ പിറന്നത്.