SHARE

പുതുവർഷത്തിലെ ആദ്യ പരമ്പരയ്ക്ക് തയ്യാറെടുക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. ശ്രീലങ്കയ്ക്കെതിരെ നടക്കാനിരിക്കുന്ന മൂന്ന് മത്സര ടി20 പരമ്പരയാണ് 2020 ൽ ടീമിന്റെ ആദ്യ പരീക്ഷണം. എന്നാൽ ഈ മാസം അഞ്ചാം തീയതി നടക്കാനിരിക്കുന്ന പരമ്പരയിലെ ആദ്യ മത്സരം ഇപ്പോളിതാ അനിശ്ചിതത്വത്തിലായിരിക്കുന്നു‌.

ജനുവരി അഞ്ചാം തീയതി അസമിലെ ഗുവാഹത്തിയിലുള്ള ബർസാപര സ്റ്റേഡിയമാണ് ഇന്ത്യ- ശ്രീലങ്ക ആദ്യ ടി20 മത്സരത്തിന് വേദിയാവേണ്ടത്. എന്നാൽ പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന അനിഷ്ട സംഭവങ്ങൾ മത്സരത്തിന്റെ നടത്തിപ്പിനെ തന്നെ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. സംസ്ഥാനത്ത് കലാപ ഭീഷണി നിലനിൽക്കുന്നുണ്ടെന്ന് വാർത്തകൾ പുറത്ത് വന്നതാണ് ഇന്ത്യ-ലങ്ക മത്സരം നടക്കുന്ന കാര്യം സംശയത്തിലാക്കിയത്.

എന്നാൽ മത്സരം നടക്കുന്ന കാര്യം ഉറപ്പില്ലെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നതിനിടയ്ക്ക് അതിനെ നിഷേധിച്ച് അസം ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് റോമൻ ദത്ത രംഗത്ത് വന്നത് ക്രിക്കറ്റ് പ്രേമികൾക്ക് വലിയ ആവേശം നൽകുന്നുണ്ട്. വരുന്ന ഞായറാഴ്ച ഗുവാഹത്തിയിൽ നടക്കാനിരിക്കുന്ന ആദ്യ ടി20 മത്സരത്തിന് മാറ്റമുണ്ടാകില്ലെന്നും, നേരത്തെ നിശ്ചയിച്ചിരുന്നത് പോലെ തന്നെ മത്സരം നടക്കുമെന്നുമാണ് ദത്തയുടെ വാക്കുകൾ.