SHARE

നാളെ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പര തുടങ്ങുകയാണ്. ആദ്യ മത്സരത്തെ സമീപിക്കുമ്പോൾ , സ്വന്തം നാട്ടിൽ ഇന്നേവരെ ഒറ്റ ടെസ്റ്റിൽ പോലും ലങ്കയോട് അടിയറവ് പറയേണ്ടി വന്നിട്ടില്ല എന്ന ചരിത്രമാണ് കോഹ്ലിക്കും കൂട്ടർക്കും ഊർജ്ജം പകരുന്ന സംഗതി.

എന്നാൽ ഈയൊരു നേട്ടം ഒരിക്കലും ടീം ഇന്ത്യയെ അനായേസേന തേടി എത്തിയ ഒന്നല്ല, അതിന് നാം പല ഇതിഹാസ താരങ്ങളോടും കടപ്പെട്ടിരിക്കുന്നു, അതു പോലെ തന്നെ കൈവിട്ട് പോയി എന്നു കരുതിയിടത്ത് നിന്നും അടങ്ങാത്ത പോരാട്ട വീര്യത്തിലൂടെ സ്വന്തം ടീമിനെ തലയുയർത്തി നിൽക്കാൻ പ്രാപ്തരാക്കിയ അവരുടെ പല അമൂല്യ ഇന്നിംഗ്സുകളോടും.

മനസ്സ് ഒരു 8 വർഷങ്ങൾക്ക് മുൻപ് മറ്റൊരു നവംബർ 16ന്റെ ഓർമ്മകളിലേക്ക് ക്ഷണിക്കുന്നുണ്ട്. അഹമ്മദാബാദ് വേദിയായ 2009-10 ടെസ്റ്റ് സീരിസിന്റെ തുടക്ക മത്സരം.
ലങ്കക്കെതിരെ ടോസ്സ് നേടി ബാറ്റിങ്ങിനിറങ്ങുന്ന ഇന്ത്യ.
എന്നാൽ പ്രഗൽഭമായ ഇന്ത്യൻ ബാറ്റിംഗ് നിരയെ ചനക വെലഗെദരെ എന്ന പേസ് ബൗളറുടെ രൂപത്തിൽ കാത്തിരുന്നത് വൻ ദുരന്തം. ആ ഇടം കൈയ്യന്റെ ആദ്യ നാല് ഓവറുകൾ പൂർത്തിയാവുന്നതിന് മുൻപ് തന്നെ ഗംഭീർ, സേവാഗ്, സച്ചിൻ എന്നീ മൂന്ന് പ്രധാന മുൻനിര താരങ്ങൾ പവലിയനിൽ തിരിച്ചെത്തി.

 

ചനക വെലഗെദരെ

അടുത്തതായി ക്രീസിലെത്തിയത് ക്രീസിലെത്തിയത് ടീമിന്റെ എക്കാലത്തേയും വിശ്വസ്തൻമാരിൽ ഒരാളായ വി വി എസ് ലക്ഷ്മൺ ആയിരുന്നു.  എന്നാൽ, മറ്റൊരു വെരി വെരി സ്പെഷ്യൽ ഇന്നിംഗ്സ് പ്രതീക്ഷിച്ചു നിന്ന കാണികളെ ഒന്നടങ്കം നിരാശയിലാഴ്ത്തി കൊണ്ട് ധമ്മിക പ്രസാദിന്റെ ഒരു മനോഹര ബോളിൽ കുറ്റി തെറിച്ച് കൊണ്ട് സംപൂജ്യനായി ലക്ഷമണും പുറത്ത്.ആദ്യ 8 ഓവറുകളിൽ തന്നെ 32-4 എന്ന തകർച്ചയിലേക്ക് ഇന്ത്യ കൂപ്പുകുത്തി.

എന്നാൽ അപ്പോളും ഒരാൾ ക്രീസിൽ അക്ഷോഭ്യനായി നില ഉറപ്പിച്ചു നിൽക്കുന്നുണ്ടായിരുന്നു , മുൻപും ഒട്ടേറെ തവണ ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ തന്റെ ടീമിന്റെ രക്ഷാകർമ്മം നിറവേറ്റിയിട്ടുള്ള രാഹുൽ ദ്രാവിഡ് എന്ന കഠിനധ്വാനിയായിരുന്നു അത്. പിന്നീട് ആ മൈതാനം സാക്ഷ്യം വഹിച്ചത് ദ്രാവിഡിന്റെ സ്വതസിദ്ധമായ മാസ്റ്റർക്ലാസ്സ് ഇന്നിംഗ്സുകളിൽ ഒന്നിന്റെ സാക്ഷാത്കാരത്തിനായിരുന്നു. ഇന്ത്യൻ വന്മതിലിന്റെ കാഠിന്യമെന്തെന്ന് ലങ്കൻ ബൗളർമാർ നന്നായി അനുഭവിച്ചറിഞ്ഞു.

68 റൺസ് നേടിയ യുവിയുമൊത്ത് 125 റൺസിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് ദ്രാവിഡ് സൃഷ്ടിച്ചത്

 

ലക്ഷ്മണിൽ നഷ്ട്ടപ്പെട്ട പാർട്നറെ അദ്ദേഹം യുവിയിലും ധോനിയിലും കണ്ടെത്തി. 5-ആം വിക്കറ്റിൽ, യുവിയുമൊത്ത് 125 റൺസിന്റെയും 6-ആം വിക്കറ്റിൽ, ധോനിയുമൊത്ത് 224 റൺസിന്റെയും കൂട്ടുകെട്ടും പടുത്തുയർത്തി കൊണ്ട് മുങ്ങി താണു കൊണ്ടിരുന്ന ടീമിനെ കൈ പിടിച്ചുയർത്തുകയായിരുന്നു ദ്രാവിഡ്.

ധോണിയുടെ സെഞ്ചുറിയും ഇരുവരും ചേർന്ന് നേടിയ 224 റൺസ് കൂട്ടുകെട്ടും മത്സരത്തിൽ നിർണായകമായി

 

ലങ്കൻ ബൗളേർസിന്റെ യോർക്കറുകളേയും ഷോർട്പിച്ച് പന്തുകളുടെ വെല്ലുവിളികളേയും അതി വിദഗ്ദമായി നേരിട്ടു കൊണ്ട് തന്റെ 27ആം ടെസ്റ്റ് സെഞ്ചുറി നേടിയ ദ്രാവിഡ് ഇതിനോടകം  ടെസ്റ്റ് ക്രിക്കറ്റിൽ 11000 റൺസ് തികയ്ക്കുന്ന ലോകത്തിലെ തന്നെ 5-ആമത്തെ ബാറ്റ്സ്മാൻ, സച്ചിൻ തെണ്ടുൽക്കർക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാൻ എന്നീ നാഴികക്കല്ലുകളുംപിന്നിട്ടിരുന്നു.

20 ബൗണ്ടറികളും 1 സിക്സും അടക്കം 261 പന്തിൽ അദ്ദേഹം നേടിയ 177 റൺസിന്റെ ഇന്നിംഗ്സിന്റെ പിൻബലത്തിൽ തകർച്ചയെ അതിജീവിച്ചു കൊണ്ട് ആ ഒരു മത്സരത്തിൽ ഇന്ത്യ പൊരുതി നേടിയ ഡ്രോ തന്നെയാണ് സീരീസ് 2 – 0 ത്തിന് സ്വന്തമാക്കുന്നതിൽ നിർണ്ണായകമായതും.
അത് കൊണ്ട് തന്നെ ദ്രാവിഡിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിലൊന്നായി അന്നത്തെ ഇന്നിംഗ്സ് തിളങ്ങി നിൽക്കുന്നു.

വിജയപരമ്പര തുടരാൻ കോഹ്ലിക്കും സംഘത്തിനും കഴിയുമോ?

വർഷങ്ങൾക്കിപ്പുറം വീണ്ടുമൊരു നവംബർ 16ന് അതേ എതിരാളികൾക്കെതിരെ ഏറ്റുമുട്ടാനിറങ്ങുമ്പോൾ ഇരു പക്ഷത്തും ഇതിഹാസങ്ങളുടെ സാന്നിധ്യമില്ല എന്നിരുന്നാലും സ്വയം ഒരു ഇതിഹാസമായി വളർന്ന് കൊണ്ടിരിക്കുന്ന വിരാട് കോഹ്ലിക്കൊപ്പം മുരളി വിജയ്, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ എന്നീ വിശ്വസ്തരും കൂടി ഒന്നിക്കുന്ന ടീം ഇന്ത്യയെ മറികടന്ന് ഇന്ത്യൻ മണ്ണിലെ ആദ്യ ടെസ്റ്റ് വിജയം എന്ന സ്വപ്നനേട്ടം കൈവരിക്കാൻ ലങ്ക ഇനിയുമൊരുപാട് കാത്തിരിക്കേണ്ടി വരും എന്ന് തന്നെ കരുതാം .