SHARE

ശ്രീലങ്കന്‍ അണ്ടര്‍ 19 ടീമിനെതിരെ നടന്ന യൂത്ത് ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യന്‍ കൗമാരനിര. നിര്‍ണ്ണായകമായ അവസാന ഏകദിനത്തില്‍ എട്ടു വിക്കറ്റുകള്‍ക്ക് വിജയിച്ചാണ് ഇന്ത്യയുടെ പരമ്പര നേട്ടം. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 212-9 (50) റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 42.4 ഓവറില്‍ 2 വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി 214 റണ്‍സെടുത്തു.

114 റണ്‍സെടുത്ത ഓപ്പണര്‍ യഷസ്വി ജയ്‌സ്വാളിന്റെ ബാറ്റിംഗ് മികവിലായിരുന്നു ഇന്ത്യയുടെ അനായാസവിജയം. 128 പന്തുകള്‍ നേരിട്ട് 8 ഫോറുകളും 3 സിക്‌സുകളും നേടിയ ജയ്‌സ്വാള്‍ പുറത്താവാതെ നിന്നു. ദേവ്ദത്ത് പടിക്കല്‍ (38), പവന്‍ ഷാഹ് (36) എന്നിവരാണ് മറ്റു ഇന്ത്യന്‍ സ്‌കോറര്‍മാര്‍. ശ്രീലങ്കയില്‍ നടന്ന ഏകദിന പരമ്പര 3-2നാണ് ഇന്ത്യ സ്വന്തമാക്കിയത്.

ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ രണ്ടും മൂന്നും മത്സരങ്ങള്‍ ശ്രീലങ്കയ്ക്ക് സ്വന്തമായിരുന്നു. എന്നാല്‍ അവസാന രണ്ടു ഏകദിനങ്ങളും വിജയിച്ച് ഇന്ത്യ പരമ്പര പിടിച്ചെടുക്കുകയായിരുന്നു. ലങ്കന്‍ പര്യടനത്തിലെ രണ്ട് ടെസ്റ്റ് മത്സരങ്ങളും ഇന്ത്യ ഇന്നിംഗ്‌സിന് വിജയിച്ചിരുന്നു.