SHARE

അണ്ടര്‍ 19 ശ്രീലങ്കന്‍ ടീമിനെതിരെ നടന്ന ആദ്യ യൂത്ത് ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യന്‍ യുവനിരയ്ക്ക് മിന്നുന്ന വിജയം. ഇന്നിംഗ്‌സിനും 21 റണ്‍സിനാണ് ഇന്ത്യന്‍ അണ്ടര്‍ 19 ടീം ലങ്കയെ പരാജയപ്പെടുത്തിയത്. ഒന്നാം ഇന്നിംഗ്‌സില്‍ 185 റണ്‍സ് നേടുകയും രണ്ടിന്നിംഗ്‌സുകളിലുമായി ആറു വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്ത ആയുഷ് ബഡോനിയാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്. സ്‌കോര്‍: ശ്രീലങ്ക 244-10, 324-10 ഇന്ത്യ 589-10.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്ക ആദ്യ ഇന്നിംഗ്‌സില്‍ 244 റണ്‍സിന് പുറത്താവുകയായിരുന്നു. നാലു വിക്കറ്റുകള്‍ വീതം നേടിയ ഹര്‍ഷ് ത്യാഗിയും ആയുഷ് ബഡോനിയുമാണ് ശ്രീലങ്കന്‍ ഇന്നിംഗ്‌സിനെ തകര്‍ത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണര്‍ അഥര്‍വ്വ തയ്‌ഡെയും ആയുഷും സെഞ്ചുറി നേടി. 113 റണ്‍സാണ് അഥര്‍വ്വ നേടിയത്. 345 റണ്‍സിന്റെ കൂറ്റന്‍ ലീഡും ഇന്ത്യന്‍ യുവനിര സ്വന്തമാക്കി.

കൂറ്റന്‍ ലീഡ് വഴങ്ങിയ ശ്രീലങ്ക രണ്ടാം ഇന്നിംഗ്‌സില്‍ 324 റണ്‍സെടുത്ത് ബാറ്റ് താഴെ വെക്കുകയായിരുന്നു. നിഷാന്‍ മധുശങ്ക (104), നുവനിദു ഫെര്‍ണാണ്ടോ (78) എന്നിവരാണ് ടീമിന്റെ പ്രധാന സ്‌കോറര്‍മാര്‍. മോഹിത് ജങ്ക്ര അഞ്ചും ആയുഷ് ബഡോനി രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. ഇന്ത്യന്‍ ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ അരങ്ങേറ്റമെന്ന നിലയിലും പ്രശസ്തി നേടിയിരുന്നു ഇന്ത്യ-ശ്രീലങ്ക യൂത്ത് ടെസ്റ്റ്. രണ്ടിന്നിംഗ്‌സിലും ഓരോ വിക്കറ്റുകള്‍ വീഴ്ത്തിയ അര്‍ജുന്‍ ഒന്നാം ഇന്നിംഗ്‌സ് ബാറ്റിംഗില്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായിരുന്നു.