SHARE

നിര്‍ഭാഗ്യം ഇന്ത്യയ്ക്കും ഗോളിനുമിടയില്‍ വേലി കെട്ടിയപ്പോള്‍ ഏഷ്യാകപ്പില്‍ ഇന്ത്യയ്ക്ക് ആദ്യ തോല്‍വി. ആതിഥേയരായ യുഎഇയെ കളിയിലുടനീളം വിറപ്പിച്ചാണ് ഇന്ത്യ 2-0ത്തിന് വീരോചിത തോല്‍വിയേറ്റു വാങ്ങിയത്. തോറ്റെങ്കിലും അടുത്ത മത്സരത്തില്‍ ബഹ്‌റിനെ തോല്‍പ്പിച്ചാല്‍ ഇന്ത്യയ്ക്ക് നോക്കൗട്ടിലെത്താം. സമനിലയാണ് ഫലമെങ്കിലും പ്രതീക്ഷ അസ്തമിക്കില്ല. ഖലിഫന്‍ മുബറാക് (41), അലി മക്ബൂദ് (88) എന്നിവരാണ് യുഎഇയ്ക്കായി വലകുലുക്കിയത്.

നിര്‍ഭാഗ്യം മാത്രമായിരുന്നു അന്തിമ ഫലത്തില്‍ ഇരുടീമുകളെ വേര്‍തിരിച്ച് നിറുത്തിയത്. കുടിയേറ്റ താരങ്ങളാല്‍ സമ്പന്നമായ യുഎഇയെ പലപ്പോഴും രക്ഷിച്ചത് ഭാഗ്യവും ഗോളി ഖലീദ് ഇസയുടെ രക്ഷപ്പെടുത്തലുകളുമായിരുന്നു. ആദ്യ പകുതിയില്‍ ഗോളൊന്നുറപ്പിച്ച രണ്ട് അവസരങ്ങളില്‍ ഗോളി വില്ലനായി. രണ്ടാംപകുതിയില്‍ ഉദാന്തയുടെ ഷോട്ട് ക്രോസ്ബാറിലിടിച്ച് മടങ്ങുകയും ചെയ്തു.

നിര്‍ഭാഗ്യം വേട്ടയാടിയ രണ്ടാംപകുതി

രണ്ടാംപകുതിയിലും എക്‌സ്പ്രസ് വേഗത്തിലായിരുന്നു ഇന്ത്യയുടെ നീക്കങ്ങള്‍. അന്‍പത്തിയഞ്ചാം മിനിറ്റില്‍ ക്രോസ് ബാര്‍ ഇന്ത്യയെ കരയിപ്പിക്കുന്നതാണ് കണ്ടത്. ജെജെ നല്കിയ മനോഹര പാസ് ഉദാന്ത വലയിലേക്ക് നീട്ടി അടിച്ചെങ്കിലും പോസ്റ്റിന്റെ മുകളില്‍ തട്ടി തെറിച്ചു. മത്സരത്തില്‍ വിധി വേട്ടയാടിയ നാലാമത്തെ അവസരം.

യുഎഇയെ വിറപ്പിച്ച് പിന്നെയും ഇന്ത്യ മുന്നേറി. അന്‍പത്തിയേഴാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്ക് പക്ഷേ ഛേത്രിക്ക് ലക്ഷ്യത്തിലെത്തിക്കാനായില്ല. തടിമിടുക്കില്‍ ഇന്ത്യക്കാരെക്കാള്‍ മുന്നിലുള്ള യുഎഇ പലപ്പോഴും കായികമായും പ്രതിരോധിക്കുന്നതിനും ഇടയ്ക്ക് സാക്ഷിയായി. ഇന്ത്യയുടെ വേഗമേറിയ മുന്നേറ്റങ്ങള്‍ ആതിഥേയരെ പലപ്പോഴും വലച്ചു. അവസാന മിനിറ്റുകളായതോടെ ഇന്ത്യന്‍ നീക്കത്തിന് താളഭംഗം സംഭവിച്ചു. യുഎഇയുടെ നീക്കങ്ങള്‍ മൂര്‍ച്ഛിച്ചതും ഈ ഘട്ടത്തിലാണ്.

നീലപ്പട നിറഞ്ഞാടിയ ആദ്യ 45 മിനിറ്റ്

പ്രതിരോധത്തിലൂന്നി തുടങ്ങിയ ഇന്ത്യ ഏഴാം മിനിറ്റിലാണ് യുഎഇയെ ആദ്യം വിറപ്പിച്ചത്. കോര്‍ണറിന് പറന്നു തലവച്ച സന്ദേശ് ജിംഗന്റെ ഹെഡര്‍ തലനാരിഴയ്ക്കാണ് പുറത്തേക്ക് പോയത്. പിന്നീട് കൃത്യമായ ഇടവേളകളില്‍ യുഎഇ ബോക്‌സില്‍ സമ്മര്‍ദം വിതയ്ക്കാന്‍ ഇന്ത്യയ്ക്കായി. വിംഗില്‍ നിന്ന് ഉദാന്ത സിംഗിന്റെ മിന്നും നീക്കങ്ങള്‍ ആതിഥേയരുടെ പ്രതിരോധത്തെ പലവട്ടം വിറപ്പിച്ചു. പതിനൊന്നാം മിനിറ്റില്‍ പന്ത് ചിപ്പ് ചെയ്ത് ആഷിഖ് കുരുണിയന്‍ ഒരു ശ്രമം നടത്തിയെങ്കിലും സ്ഥാനംതെറ്റി നിന്ന യുഎഇ ഗോളി പന്ത് കൈപ്പിടിയിലൊതുക്കി.

തൊട്ടടുത്ത മിനിറ്റില്‍ ഇന്ത്യ വലകുലുക്കിയെന്ന് തോന്നിച്ചതാണ്. മധ്യത്തില്‍ നിന്നും സുനില്‍ ഛേത്രിയുടെ സുന്ദരന്‍ പാസില്‍ മുന്നേറിയ ആഷിഖിന്റെ ഷോട്ട് ഗോളി ഖലീദ് ഇസ രക്ഷപ്പെടുത്തുകയായിരുന്നു. ഗ്യാലറിയില്‍ നിറഞ്ഞ ഇന്ത്യന്‍ ആരാധകരില്‍ നിന്ന് അവിശ്വസനീയ നിലവിളികള്‍ നിറഞ്ഞ നിമിഷമായിരുന്നു. തൊട്ടുപിന്നാലെ അനിരുദ്ധ ഥാപ്പയുടെ കോര്‍ണറിയില്‍ ജിംഗന്‍ തലവച്ചെങ്കിലും പന്ത് പുറത്തേക്ക്. ആദ്യപകുതിയുടെ അവസാനനിമിഷം ഛേത്രിക്ക് മികച്ച അവസരം ലഭിച്ചെങ്കിലും വലകുലുങ്ങിയില്ല.