SHARE

ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ ആദ്യ ഏകദിനത്തിന് ഇന്ന് ഗുവഹാത്തിയില്‍ തുടക്കമാകുമ്പോള്‍ അടുത്തവര്‍ഷത്തെ ലോകകപ്പ് തന്നെയാകും ഇന്ത്യയുടെ മനസിലുള്ളത്. ലോകകപ്പിന് മുന്നോടിയായി ടീമിനെ ഒരുക്കുക, യുവതാരങ്ങള്‍ക്ക് വേണ്ടത്ര അവസരങ്ങള്‍ നല്കുക; വിരാടിന്റെ മനസിലുള്ളത് വ്യക്തം.

എട്ട് മാസങ്ങള്‍ മാത്രമാണ് 2019 ലോകകപ്പിലേക്ക് ഇനി ശേഷിക്കുന്നത്. അതിനു മുമ്പ് ഇന്ത്യക്കുള്ളത് 18 മത്സരങ്ങള്‍ മാത്രവും. പരീക്ഷണം നടത്തുന്നതിന്റെ ഭാഗമാണ് റിഷാഭ് പന്തിന്റെ അരങ്ങേറ്റം. നാലാം നമ്പറിലാണ് ഇതുവരെ ഒരു സ്ഥിരക്കാരനെ ലഭിക്കാത്തത്. എന്നാല്‍, ഏഷ്യ കപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ അമ്പാട്ടി റായിഡുവിനെ നാലാമനായി ഇറക്കും. നാലാം നമ്പറില്‍ ഏറ്റവും മികച്ച ആള്‍ റായിഡു ആണെന്ന് ടീം മാനേജ്‌മെന്റ് വിലയിരുത്തിയതായി കോഹ്‌ലിയും പറയുന്നു.

മറുവശത്ത് ടെസ്റ്റിലെ നാണക്കേട് ഏകദിനത്തില്‍ മാറ്റുകയാണ് വിന്‍ഡീസിന്റെ ലക്ഷ്യം. ഓള്‍ റൗണ്ട് പ്രകടനം നടത്താന്‍ സാധിക്കുന്ന ഒരുപിടി കളിക്കാരാണ് സന്ദര്‍ശകരുടെ കരുത്ത്. എന്നാല്‍, ബംഗ്ലാദേശിനെതിരായ പരമ്പര 1-2നു പരാജയപ്പെട്ടശേഷമാണ് വിന്‍ഡീസ് എത്തുന്നത്. 2014നുശേഷം ഒരു പരമ്പര ജയം അവര്‍ക്ക് അവകാശപ്പെടാനുമില്ല.