SHARE

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പ്രഖ്യാപനം വൈകിക്കുന്നത് രോഹിത് ശർമ്മയ്ക്കും കുൽദീപ് യാദവിനും വേണ്ടിയാണെന്ന് റിപ്പോർട്ട്. നിലവിൽ ഇംഗ്ലണ്ടിൽ നടക്കുന്ന നിശ്ചിത ഓവർ മത്സരങ്ങളിൽ തകർപ്പൻ പ്രകടനം കാഴ്ച വെക്കുന്ന കുൽദീപിനേയും രോഹിത് ശർമ്മയേയും ഇന്ന് നടക്കാനിരിക്കുന്ന മൂന്നാം ഏകദിനത്തിലെ പ്രകടനംകൂടി നോക്കിയ ശേഷം ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്താനാണ് സെലക്ടർമാരുടെ തീരുമാനം. ഇന്നത്തെ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചാൽ ടെസ്റ്റ് ടീമിലും ഇടം പിടിക്കാൻ ഇരുവർക്കും കഴിയും.

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിനെ നേരത്തെ തന്നെ തിരഞ്ഞെടുത്ത് കഴിഞ്ഞെന്നും ഇംഗ്ലണ്ടിനെതിരായ അവസാന മത്സരത്തിലെ പ്രകടനം കൂടി നോക്കിയ ശേഷമേ കുൽദീപിന്റെയും രോഹിത് ശർമ്മയുടേയും ടെസ്റ്റ് സ്ഥാനം ഉറപ്പിക്കാൻ കഴിയൂ എന്നും അത് കൊണ്ടാണ് ടെസ്റ്റ് ടീം പ്രഖ്യാപനം വൈകുന്നതെന്നും മുംബൈ മിറർ ആണ് റിപ്പോർട്ട് ചെയ്തത്. ചൊവ്വാഴ്ച നടക്കുന്ന അവസാന ഏകദിന മത്സരത്തിന് ശേഷം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അവർ പറയുന്നു.

-Advertisement-

അതേ സമയം കുൽദീപ് യാദവ് ടീമിലെത്തുകയാണെങ്കിൽ രവീന്ദ്ര ജഡേജ ടീമിന് വെളിയിലാകാനാണ് സാധ്യത. ഇന്ത്യ എ യ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച വെക്കുന്ന കരുൺ നായറും ടീമിൽ സ്ഥാനം പിടിക്കും. അടുത്ത മാസം ഒന്നാം തീയതിയാണ് ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള അഞ്ച് മത്സര ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാകുന്നത്‌.