SHARE

ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയിലെ ആദ്യ മത്സരം മുംബൈയില്‍ നിന്നും മാറ്റി. മൂന്നാം മത്സരം നടക്കേണ്ട ഹൈദരാബാദിലേയ്ക്കാണ് മത്സരം മാറ്റിയിരിക്കുന്നത്. ഡിസംബര്‍ ആറിനാണ് മത്സരം നടക്കുന്നത്. മത്സരത്തിനു സുരക്ഷ ഒരുക്കാന്‍ സാധിക്കില്ലെന്ന് മുംബൈ പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മത്സരം മുംബൈയില്‍ നിന്നും മാറ്റിയത്.

ഡിസംബര്‍ ആറ് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട ദിവസമാണ്. അയോധ്യ കേസിലെ സുപ്രീം കോടതി വിധിയുടെ കൂടെ പശ്ചാത്തലത്തില്‍ മുംബൈ നഗരത്തില്‍ കനത്ത സുരക്ഷ ഒരുക്കേണ്ട സാഹചര്യത്തിലാണ് മത്സരത്തിനായി പ്രത്യേക സുരക്ഷ ഒരുക്കാന്‍ സാധിക്കില്ലെന്ന് മുംബൈ പോലീസ് മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചത്.

ഇതേ തുടര്‍ന്ന് 11 ന് ഹൈദരാബാദില്‍ നടക്കേണ്ട മത്സരം മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ വച്ചു നടത്തും.എട്ടാം തിയതി തിരുവനന്തപുരത്താണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്.