SHARE

രാജ്യത്ത് വീണ്ടും ശക്തമായിക്കൊണ്ടിരിക്കുന്ന കോവിഡ് വ്യാപനം കായികരം​ഗത്തും ആശങ്ക പടർത്തുന്നു. രഞ്ജി ട്രോഫി അടക്കമുള്ള പ്രാദേശിക ക്രിക്കറ്റ് പോരാട്ടങ്ങളും ഫുട്ബോൾ പോരാട്ടമായ ഐ-ലീ​ഗും തൽക്കാലത്തേക്ക് നിർത്തിവച്ചിരിക്കുകയാണ്. രാജ്യത്തെ ഒന്നാം ഡിവിഷൻ ഫുട്ബോൾ ലീ​ഗായ ഐഎസ്എല്ലിലും കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടുകഴിഞ്ഞു.

കോവിഡ് വ്യാപനം ഒരിക്കൽ കൂടി ശക്തിപ്പെട്ടതോടെ ഫെബ്രുവരിയിൽ നടക്കാനാരിക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പരിമിത ഓവർ പരമ്പരയുടെ കാര്യത്തിലാണിപ്പോൾ ആശങ്ക. ഫെബ്രുവരി ആറ് മുതൽ 20 വരെ മൂന്ന് ടി20യും മൂന്ന് ഏകദിനങ്ങളുമാണ് വിൻഡീസ് ഇന്ത്യയിൽ കളിക്കുക. ഇന്ത്യയിലെ ആറ് ന​ഗരങ്ങളിലായാണ് ഈ മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. ഫെബ്രുവരി 20-ന് നടക്കുന്ന അവസാന ടി20 മത്സരത്തിന് തിരുവനന്തപുരമാണ് വേദി. എന്നാൽ കോവിഡ് ശക്തിപ്പെട്ടതോടെ പരമ്പര നടത്തുന്നതിൽ ചില മാറ്റങ്ങൾക്ക് സാധ്യതയുണ്ട്.

കോവിഡ് വ്യാപനം ശക്തമായി തുടരുകയാണെങ്കിൽ മത്സരത്തിന്റെ വേദികളിൽ മാറ്റം വരാൻ സാധ്യതയുണ്ടെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. ആറ് വേദികൾ എന്നതിന് പകരം മൂന്ന് വേദികളിൽ മാത്രമായി പരമ്പര പൂർത്തിയാക്കാൻ ബിസിസിഐ ആലോചിക്കുന്നുണ്ടെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ ഒരു തീരുമാനവും എടത്തിട്ടില്ല എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.