SHARE

ടി20 ലോകകപ്പിൽ ഇന്ന് പാകിസ്ഥാനെതിരെ നടക്കാനിരിക്കുന്ന മത്സരത്തിൽ ഇന്ത്യ വിജയം നേടുമെന്ന് ഉറപ്പിച്ചു പറഞ്ഞ് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. ചിരവൈരികളായ പാകിസ്ഥാനെതിരെ നടക്കുന്ന മത്സരത്തിൽ രാഷ്ട്രീയ സമ്മർദ്ദങ്ങൾ ഇന്ത്യയുടെ പ്രകടനത്തെ ബാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയ ഗംഭീർ, ടീം ഇന്ത്യ നന്നായി കളിക്കുമെന്നും വിജയം നേടുമെന്നുമുള്ള കാര്യത്തിൽ തനിക്ക് ഉറപ്പുണ്ടെന്ന് കൂട്ടിച്ചേർത്തു.

“എന്റെ എല്ലാ ആശംസകളും ടീമിനൊപ്പമുണ്ട്. അവർ മികച്ച പ്രകടനമാണ് ഇതു വരെ നടത്തിയത്. അവർ ഉറപ്പായും വിജയിക്കും. അവരിൽ എനിക്ക് പൂർണവിശ്വാസമുണ്ട്. ടീം വളരെ മികച്ച രീതിയിലാണ് കളിക്കുന്നത്. യാതൊന്നും അവരുടെ പ്രകടനത്തെ ബാധിക്കില്ല. ടീം നന്നായി കളിക്കുകയും നമ്മൾ ഉറപ്പായും വിജയിക്കുകയും ചെയ്യും.” ടൈംസ് നൗവിനോട് സംസാരിക്കവെ ഗംഭീർ പറഞ്ഞു.

യു എ ഇ യിൽ ധാരാളം മത്സരങ്ങൾ കളിച്ചിട്ടുള്ളതിനാൽ ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തിൽ ഇന്ത്യക്കെതിരെ പാകിസ്ഥാന് മുൻതൂക്കമുണ്ടായിരിക്കുമെന്ന് ഒരു പറ്റം ക്രിക്കറ്റ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്‌. എന്നാൽ ഒരു തരത്തിലും അത്തരത്തിലൊരു കാര്യം അംഗീകരിക്കാൻ ഗംഭീർ തയ്യാറല്ല. ഇന്ത്യൻ ടീമിന് ഏത് പ്രതികൂല സാഹചര്യങ്ങളിലും ആധിപത്യം സ്ഥാപിക്കാനാകുമെന്ന് ചൂണ്ടിക്കാട്ടുന്ന ഗംഭീർ, ഇതേ ശേഷിയിൽ കളിച്ചാൽ ഏത് രാജ്യത്തിനെതിരെയും വിജയം നേടാൻ ഇന്ത്യക്ക് കഴിയുമെന്നും കൂട്ടിച്ചേർത്തു.