SHARE

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് 8 വിക്കറ്റിന്റെ ഉജ്ജ്വല വിജയം. 75 റൺസോടെ പുറത്താകാതെ നിന്ന് തന്റെ ഏകദിന അരങ്ങേറ്റം അവിസ്മരണീയമാക്കിയ ഓപ്പണർ പ്രിയ പൂനിയയാണ് ഇന്ത്യയുടെ വിജയശില്പി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 164 റൺസിൽ പുറത്താക്കിയ ഇന്ത്യ 41.4 ഓവറുകളിൽ 2 വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തുകയായിരുന്നു.

വഡോദരയിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 54 റൺസെടുത്ത മരിസാൻ കാപ്പ്, 39 റൺസ് നേടിയ ഓപ്പണർ ലോറ വോൾവാഡ്ട്ട് എന്നിവർ മാത്രമാണ് അവരുടെ ബാറ്റിംഗിൽ തിളങ്ങിയത്. ഇന്ത്യയ്ക്ക് വേണ്ടി ജുലൻ ഗോസ്വാമി മൂന്നും, ശിഖ പാണ്ടെ, ഏക്ത ബിഷ്ട്, പൂനം യാദവ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തി.

വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണർമാരായ പ്രിയ പൂനിയയും, ജെമീമ റോഡ്രീഗസും ചേർന്ന് തകർത്തടിച്ചു. ജെമീമമായിരുന്നു കൂട്ടത്തിൽ കൂടുതൽ അപകടകാരി. 65 പന്തുകളിൽ 7 ബൗണ്ടറികളടക്കം 55 റൺസ് നേടിയ ജെമീമ‌പുറത്താകുമ്പോളേക്ക് ഇന്ത്യൻ സ്കോർ 83 എത്തിയിരുന്നു. മൂന്നാമതായിറങ്ങിയ പൂനം റൗത്ത് 16 റൺസിൽ മടങ്ങി. ഇതിനിടയിൽ അരങ്ങേറ്റം കുറിച്ച പ്രിയ അർധസെഞ്ചുറി തികച്ചു. 124 പന്തിൽ 8 ബൗണ്ടറികളടക്കം 75 റൺസ് നേടിയ പ്രിയ പൂനിയയും, 11 റൺസെടുത്ത് മിഥാലി രാജും മത്സരത്തിൽ പുറത്താകാതെ‌ നിന്നു. പ്രിയ തന്നെയാണ് കളിയിലെ മികച്ച താരം.