SHARE

ഐസിസി വനിതാ ട്വന്റി-20 ലോകകപ്പിലെ ആദ്യ ഗ്രൂപ്പ് പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരേ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 20 ഓവറില്‍ 5 വിക്കറ്റിന് 194 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സാണ് ഇന്ത്യയ്ക്ക് രക്ഷയായത്. 51 പന്തില്‍ നിന്ന് കൗര്‍ അടിച്ചെടുത്തത് 103 റണ്‍സ്. െേജമിമ റോഡ്രിഗസ് 59 റണ്‍സെടുത്തു. ഗ്രൂപ്പ് ബിയിലാണ് ഇന്ത്യയുടെ സ്ഥാനം.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ വനിതകള്‍ക്ക് ആഗ്രഹിച്ച തുടക്കമല്ല ലഭിച്ചത്. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ തനിയ ഭാട്ടിയ (9) പുറത്ത്. സൂപ്പര്‍ താരം സ്മൃതി മന്ദാനയ്ക്കും കാര്യമായ സംഭാവന ചെയ്യാനായില്ല. രണ്ടു റണ്‍സെടുത്ത സ്മൃതിയെ ബൗണ്ടറിലൈനില്‍ സൂപ്പര്‍ ക്യാച്ചിലൂടെ ഹൈലി ജെന്‍സണ്‍ പിടിച്ചു പുറത്താക്കി.

ഹേമലത ദയാലന്‍ (15) കൂടി പുറത്തായതോടെ 5.4 ഓവറില്‍ മൂന്നിന് 40 റണ്‍സെന്ന തകര്‍ച്ചയിലായി ഇന്ത്യ. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ജെമിമാ റോഡ്രിഗസും ചേര്‍ന്ന് ടീം ഇന്ത്യയെ കരകയറ്റുന്നതാണ് പിന്നീട് കണ്ടത്. തുടക്കത്തിലേ പതിയെ കളിച്ച ഹര്‍മന്‍പ്രീത് പിന്നീട് കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. കിവി ബൗളര്‍മാരെ പായിച്ച ഇരുവരും ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചു. എട്ടു സിക്‌സറുകളും ഏഴു ഫോറും അടങ്ങുന്നതാണ് കൗറിന്റെ ഇന്നിംഗ്‌സ്.