SHARE

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. അര്‍ധസെഞ്ചുറി നേടിയ സ്മൃതി മന്ദനയുടെയും മിതാലി രാജിന്റെയും കരുത്തില്‍ 9 വിക്കറ്റുകള്‍ക്കാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറില്‍ 142-7 റണ്‍സാണ് എടുത്തത്. 33 റണ്‍സെടുത്ത സൂണ്‍ ലൂസും 26 റണ്‍സെടുത്ത നദീന്‍ ഡി ക്ലര്‍ക്കുമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ മികച്ച് നിന്നത്. ഇന്ത്യയ്ക്ക് വേണ്ടി അനൂജ പാട്ടീലും പൂനം യാദവും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 19.1 ഓവറില്‍ ലക്ഷ്യം കണ്ടു. 57 റണ്‍സെടുത്ത സ്മൃതി മന്ദനയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്. മിതാലി രാജ് 76 റണ്‍സെടുത്തും ഹര്‍മന്‍പ്രീത് കൗര്‍ 7 റണ്‍സെടുത്തും പുറത്താവാതെ നിന്നു. മൊസേലിന്‍ ഡാനിയേല്‍സാണ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി വിക്കറ്റ് നേടിയത്.

നേരത്തെ ആദ്യ ടി20 മത്സരം 7 വിക്കറ്റുകൾക്ക് വിജയിച്ചിരുന്ന ഇന്ത്യയിൽ പരമ്പരയിൽ 2-0ന് മുന്നിലാണ്. ഇനി മൂന്ന് മത്സരങ്ങൾ കൂടി പരമ്പരയിൽ അവശേഷിക്കുന്നുണ്ട്.