SHARE

ബംഗ്ലാദേശിനെതിരെ നടന്ന നിദാഹാസ് ട്രോഫി ടി20 മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം. രോഹിത് ശർമ്മ ബാറ്റ് കൊണ്ടും വാഷിംഗ്ടൺ സുന്ദർ ബോൾ കൊണ്ടും തിളങ്ങിയ മത്സരത്തിൽ 17 റൺസിനാണ് ഇന്ത്യ വിജയിച്ചത്. രോഹിത് 61 പന്തിൽ 89 റൺസെടുത്തപ്പോൾ സുന്ദർ നാലു ഓവറിൽ 22 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റുകൾ വീഴ്ത്തി. സ്കോർ: ഇന്ത്യ 176-3 (20), ബംഗ്ലാദേശ് 159-6 (20).

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വളരെ പതുക്കെയാണ് ഇന്നിംഗ്സ് തുടങ്ങിയത്. മോശം ഫോമിലുള്ള ക്യാപ്റ്റൻ രോഹിത് ശർമ്മ നിലയുറപ്പിച്ച് കളിക്കാനുള്ള തീരുമാനത്തിലായിരുന്നു. ശിഖർ ധവാൻ പതിവുശൈലി തുടർന്നു. എന്നാലും സ്കോറിംഗിന് വേഗം കുറവായിരുന്നു. മത്സരം അഞ്ച് ഓവർ പിന്നിട്ടപ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ 38 റൺസ് മാത്രമായിരുന്നു ബോർഡിലുണ്ടായിരുന്നത്.

പവർപ്ലേയുടെ അവസാന ഓവറിൽ ഇന്ത്യ 11 റൺസാണ് നേടിയത്. നസ്മുൽ ഇസ്ലാമിൻ്റെ തൊട്ടടുത്ത ഓവറിൽ ശിഖർ ധവാനെ പുറത്താക്കാൻ ബംഗ്ലാദേശിന് അവസരം ലഭിച്ചു. അതിർവരയ്ക്ക് തൊട്ടു മുന്നിൽ നിന്ന് ലിറ്റൺ ദാസാണ് ക്യാച്ച് വിട്ടുകളഞ്ഞത്. പന്ത് ബൗണ്ടറി കടക്കുകയും ചെയ്തു. എന്നാൽ പത്താം ഓവറിൽ ശിഖർ ധവാൻ്റെ വിക്കറ്റ് റുബൽ ഹുസെെൻ തെറിപ്പിച്ചു. ധവാനെ നഷ്ടപ്പെട്ടതോടെ ഇന്ത്യൻ സ്കോറിംഗ് പതുക്കെയാണ് മുന്നോട്ട് നീങ്ങിയത്. അതിനിടെ രോഹിത് ശർമ്മ തൻ്റെ 13ാം ടി20 അർധസെഞ്ചുറി പൂർത്തിയാക്കി. 42 പന്തുകളിലായിരുന്നു രോഹിത് അർധ സെഞ്ചുറി നേടിയത്.

അർധസെഞ്ചുറി നേടിയതോടെ രോഹിത് സ്കോറിംഗ് വേഗം ഉയർത്താൻ തുടങ്ങി. സുരേഷ് റെയ്നയും മികച്ച ബാറ്റിംഗ് തുടങ്ങിയതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചു വന്നു.  ഇരുവരും ചേർന്ന് 102 റൺസ് പാർട്ട്ണർഷിപ്പാണ് മത്സരത്തിൽ പടുത്തുയർത്തിയത്. അർധസെഞ്ചുറിക്ക് തൊട്ടടുത്ത് വെച്ച് അവസാന ഓവറിൻ്റെ ആദ്യ പന്തിലാണ് സുരേഷ് റെയ്ന പുറത്തായത്.രോഹിത് ശർമ്മ അവസാന പന്തിൽ റണ്ണൌട്ടായപ്പോൾ ദിനേഷ് കാർത്തിക്ക് 2 റൺസെടുത്ത് പുറത്താവാതെ നിന്നു. ബംഗ്ലാദേശിന് വേണ്ടി റുബൽ ഹുസൈൻ രണ്ട് വിക്കറ്റുകൾ നേടി

മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. രണ്ടാമത്തെ ഓവറില്‍ തന്നെ ലിറ്റണ്‍ ദാസിനെ പുറത്താക്കി വാഷിംഗ്ടണ്‍ സുന്ദര്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കി. 1 റണ്‍സെടുത്ത സൗമ്യ സര്‍ക്കാരും 27 റണ്‍സെടുത്ത തമീം ഇഖ്ബാലും പുറത്തായതോടെ ബംഗ്ലാദേശിന് കാര്യങ്ങള്‍ കൈവിട്ടു. പിന്നീട് ക്രിസിലെത്തിയ മുഷ്ഫിഖുര്‍ റഹീം നിലയുറപ്പിച്ചാണ് കളിച്ചത്. എന്നാല്‍ നായകന്‍ മഹ്മൂദുള്ളയെ പുറത്താക്കി ചാഹല്‍ കൂട്ടുകെട്ട് തകര്‍ത്തു.

അതോടെ സാബിർ റഹ്മാനെ കൂട്ടുപിടിച്ച് മുഷ്ഫിഖുർ റഹീം സ്കോറിനെ മുന്നോട്ടു നയിച്ചു. എന്നാൽ 27 റൺസെടുത്ത സാബിർ റഹ്മാനെ താക്കൂർ പുറത്താക്കി. അതിനിടെ മുഷ്ഫിഖുർ റഹീം തൻ്റെ അർധസെഞ്ചുറി പുറത്താക്കി. എന്നാൽ താരത്തിന് ടീമിനെ വിജയത്തിലേക്ക് നയിക്കാൻ സാധിച്ചില്ല. മുഷ്ഫിഖുർ റഹീം 72 റൺസെടുത്ത് പുറത്താവാതെ നിന്നു.  ഷർദുൽ താക്കൂറും യുസ്വേന്ദ്ര ചാഹലും മുഹമ്മദ് സിറാജും ഓരോ വിക്കറ്റുകൾ വീഴ്ത്തി വാഷിംഗ്ടൺ സുന്ദറിന് മികച്ച പിന്തുണ നൽകി. വിജയത്തോടെ ഇന്ത്യ നിദാഹാസ് ട്രോഫിയുടെ ഫൈനലിലേക്ക് കടന്നു.