SHARE

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സെഞ്ചൂറിയനില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ 9 വിക്കറ്റുകള്‍ക്കാണ് ഇന്ത്യ വിജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ ഇന്ത്യ 118 റണ്‍സിന് പുറത്താക്കി. മറുപടി ബാറ്റിംഗിനിറങ്ങി ലക്ഷ്യം മറികടന്നത് വെറും 20.3 ഓവറില്‍.

മത്സരത്തിലെ ഈ കിടിലന്‍ പ്രകടനത്തിലൂടെ ഇന്ത്യന്‍ ടീം മറ്റൊരു റെക്കോര്‍ഡും സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവരുടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ പന്തുകള്‍ അവശേഷിക്കേ, വിജയിക്കുന്ന ടീമായി ഇന്ത്യ മാറി. 177 പന്തുകളാണ് ഇന്നലെ ഇന്ത്യ വിജയിക്കുമ്പോൾ അവശേഷിച്ചിരുന്നത്.  2000ല്‍ ഓസ്‌ട്രേലിയ സ്ഥാപിച്ച റെക്കോര്‍ഡാണ് ഇന്ത്യ മറികടന്നത്. അന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കേപ് ടൗണില്‍ നടന്ന മത്സരത്തില്‍ 153 പന്തുകള്‍ ബാക്കി നിര്‍ത്തി ഓസ്‌ട്രേലിയ മറികടന്നത് ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 145 റണ്‍സ് വിജയലക്ഷ്യമായിരുന്നു.

120 പന്തുകള്‍ ബാക്കിനില്‍ക്കേ, ദക്ഷിണാഫ്രിക്കയെ അവരുടെ നാട്ടില്‍ പിന്തുടര്‍ന്ന് വിജയിച്ച ഇംഗ്ലണ്ടാണ് ഇക്കാര്യത്തില്‍ മൂന്നാം സ്ഥാനത്തുള്ളത്. 2009ല്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ട് മറികടന്നത് ദക്ഷിണാഫ്രിക്ക നല്‍കിയ 120 റണ്‍സ് വിജയലക്ഷ്യമാണ്. ഈ കുഞ്ഞന്‍ ലക്ഷ്യം ഇംഗ്ലണ്ട് മറികടക്കുമ്പോള്‍ അന്ന് 112 പന്തുകളാണ് ബാക്കിയുണ്ടായിരുന്നത്.