SHARE

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സെഞ്ചൂറിയനില്‍ നടന്ന രണ്ടാം ഏകദിനം അനായാസം കയ്യിലാക്കി ഇന്ത്യ. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ  ഇന്ത്യന്‍ സ്പിന്നര്‍മാര്‍ 32.2 ഓവറില്‍ 118 റണ്‍സിന് പുറത്താക്കിയിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി യുസ്‌വേന്ദ്ര ചാഹല്‍ അഞ്ചും കുല്‍ദീപ് യാദവ് മൂന്നും വിക്കറ്റുകള്‍ നേടി. ദക്ഷിണാഫ്രിക്ക ഒരുക്കിയ കുഞ്ഞൻ വിജയലക്ഷ്യം 20.3 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടക്കുകയും ചെയ്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. എന്നാല്‍ ടീം സ്‌കോര്‍ 39ലെത്തി നില്‍ക്കേ ഓപ്പണര്‍ ഹാഷിം അംലയെ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. 23 റണ്‍സെടുത്ത അംലയെ ഭുവനേശ്വര്‍ കുമാറാണ് പുറത്താക്കിയത്. ഈ ഞെട്ടലില്‍ നിന്ന് ദക്ഷിണാഫ്രിക്ക മുക്തരാവുന്നതിന് മുമ്പ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി സ്പിന്നര്‍മാരെ രംഗത്തിറക്കി.

20 റണ്‍സെടുത്ത കിന്റണ്‍ ഡി കോക്കിനെ പുറത്താക്കി ചാഹലാണ് ആദ്യം തുടങ്ങിയത്. അടുത്തത് കുല്‍ദീപ് യാദവിന്റെ ഊഴമായിരുന്നു. ദക്ഷിണാഫ്രിക്കന്‍ നായകന്‍ അയ്ഡന്‍ മര്‍ക്രത്തെയും ഡേവിഡ് മില്ലറെയും ഒരേ ഓവറില്‍ പുറത്താക്കി കുല്‍ദീപ് ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ചു. ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 51-4. പിന്നീട് ക്രീസിലെത്തിയ ജെ പി ഡുമിനിയും ഖായാ സോണ്ഡോയും ടീമിനെ കരകയറ്റുമെന്നും തോന്നിപ്പിച്ചു. എന്നാല്‍ ചാഹല്‍ തന്റെ രണ്ടാം വരവില്‍ 25 വീതം റണ്‍സെടുത്ത ഡുമിനിയെയും സോണ്ഡോയെയും പുറത്താക്കി. ഇതോടെ ദക്ഷിണാഫ്രിക്കന്‍ പതനം പൂര്‍ണ്ണം. പിന്നെയെല്ലാം വെറും ചടങ്ങ് മാത്രമായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ പക്ഷേ, കുഞ്ഞന്‍ ലക്ഷ്യം മാത്രമാണ് മുന്നിലുള്ളതെന്ന മട്ടിലായിരുന്നില്ല. എന്നാല്‍ ടീം സ്‌കോര്‍ 26 ലെത്തിയപ്പോള്‍ ഇന്ത്യയ്ക്ക് 15 റണ്‍സെടുത്ത രോഹിത് ശര്‍മ്മയെ നഷ്ടമായി.  പിന്നീട് ഒത്തുചേര്‍ന്ന ശിഖര്‍ ധവാനും വിരാട് കോഹ്ലിയും പെട്ടെന്ന് കളി തീര്‍ക്കാനുള്ള തിടുക്കത്തിലായിരുന്നു. ശിഖർ ധവാൻ 51 റൺസും കോഹ്ലി 46 റൺസെടുത്തും പുറത്താവാതെ നിന്നു.

ഇരുവരും ചേര്‍ന്ന് തകര്‍ത്ത് കളിച്ചതോടെ ദക്ഷിണാഫ്രിക്ക ഫീല്‍ഡിംഗിലും ബൗളിംഗിലും പരാജയപ്പെട്ടു. മത്സരം ഇന്ത്യയ്ക്ക് സ്വന്തം. ദക്ഷിണാഫ്രിക്കയെ നേരത്തെ പുറത്താക്കിയ ഇന്ത്യയ്ക്ക് പണി കിട്ടിയത് വിജയിക്കാൻ രണ്ടു റൺസുള്ളപ്പോൾ ലഞ്ച് ബ്രേക്കായപ്പോഴാണ്. ആറു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിൽ. ആദ്യ മത്സരത്തില്‍ ഇന്ത്യ ആറു വിക്കറ്റിന് വിജയിച്ചിരുന്നു. പരമ്പരയിലെ മൂന്നാം മത്സരം 7ന് കേപ് ടൗണില്‍ നടക്കും.