SHARE

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ അഭിമാന നേട്ടങ്ങളിലൊന്നാണ് 2011ലെ ലോകകപ്പ് കിരീടവിജയം. ആദ്യ ലോകകപ്പ് നേടി 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ഒരിക്കല്‍ കൂടി ലോകകപ്പില്‍ മുത്തമിട്ടത്. ശ്രീലങ്കയ്‌ക്കെതിരെ ഫൈനലില്‍ നേടിയ ചരിത്രവിജയത്തിന് ഇന്ന് ഏഴു വയസ്സ് തികയുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെല്ലാം ആവേശത്തിലാണ്. ഏഴു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏപ്രില്‍ രണ്ടിനാണ് ഗൗതം ഗംഭീറിന്റെയും ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെയും തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം ഇന്ത്യയെ കിരീടവിജയത്തിലേക്ക് നയിച്ചത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ 274-6 റണ്‍സാണ് നേടിയത്. ഓപ്പണര്‍ ഉപുല്‍ തരംഗ രണ്ടു റണ്‍സെടുത്ത് പുറത്തായെങ്കിലും മഹേള ജയവര്‍ധനയുടെയും കുമാര്‍ സംഗക്കാരയുടെയും ബാറ്റിംഗാണ് ശ്രീലങ്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ജയവര്‍ധനെ 103 റണ്‍സെടുത്ത് പുറത്താവാതെ നിന്നപ്പോള്‍ സംഗക്കാര 48 റണ്‍സെടുത്ത് യുവരാജ് സിംഗിന് വിക്കറ്റ് സമ്മാനിച്ചു. തിലകരത്‌നെ ദില്‍ഷന്‍ (33), നുവാന്‍ കുലശേഖര (32) എന്നിവരും ശ്രീലങ്കന്‍ ഇന്നിംഗ്‌സിന് കരുത്ത് പകര്‍ന്നു. ഇന്ത്യയ്ക്ക് വേണ്ടി യുവരാജ് സിംഗും സഹീര്‍ ഖാനും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.

ചരിത്രത്തിലേക്കുള്ള മറുപടിയില്‍ ഇന്ത്യയ്ക്ക് ഓപ്പണര്‍ വീരേന്ദര്‍ സേവാഗിനെ തുടക്കത്തിലേ നഷ്ടമായി. സ്‌കോര്‍ ബോര്‍ഡില്‍ റണ്ണെത്തും മുമ്പേ, സേവാഗിനെ പുറത്താക്കി ലസിത് മലിംഗയാണ് ഇന്ത്യയെ ഞെട്ടിച്ചത്. 18 റണ്‍സെടുത്ത സച്ചിന്‍ ടെണ്ടുല്‍ക്കറും പുറത്തായതോടെ ഇന്ത്യ 31-2 എന്ന നിലയിലായി. എന്നാല്‍ പിന്നീട് ക്രീസിലെത്തിയ വിരാട് കോഹ്ലിയും ഗംഭീറും ചേര്‍ന്ന് ഇന്ത്യയെ വലിയ പരുക്കുകളില്ലാതെ മുന്നോട്ട് നയിച്ചു. വിരാട് കോഹ്ലി 35 റണ്‍സെടുത്ത് പുറത്തായപ്പോഴായിരുന്നു ധോണിയുടെ രംഗപ്രവേശം. 97 റണ്‍സെടുത്ത ഗംഭീറും 91 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ധോണിയും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. 21 റണ്‍സെടുത്ത യുവരാജ് സിംഗായിരുന്നു വിജയനിമിഷത്തില്‍ ധോണിയുടെ കൂട്ടാളിയായി ക്രീസിലുണ്ടായിരുന്നത്.

ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയോട് മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടത്. ബംഗ്ലാദേശിനെ 87 റണ്‍സിനും അയര്‍ലന്‍ഡിനെയും നെതര്‍ലന്‍ഡിനെയും അഞ്ചു വിക്കറ്റുകള്‍ക്കും വെസ്റ്റിന്‍ഡീസിനെ 80 റണ്‍സിനും ഇന്ത്യ പരാജയപ്പെടുത്തി. ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരം ടൈ ആവുകയും ചെയ്തു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്‌ട്രേലിയയെ അഞ്ചു വിക്കറ്റുകള്‍ക്കും സെമിഫൈനലില്‍ പാകിസ്ഥാനെ 29 റണ്‍സിനും പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചിരുന്നത്. 2003 ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോട് ഏറ്റ പരാജയത്തിന് ഇന്ത്യ ക്വാർട്ടറിൽ മധുരപ്രതികാരം ചെയ്തു.

1983ല്‍ വെസ്റ്റിന്‍ഡീസിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ തങ്ങളുടെ ആദ്യ ലോകകപ്പ് നേട്ടം കൈവരിച്ചിരുന്നത്. അന്ന് വെസ്റ്റിന്‍ഡീസിനെ 43 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ചരിത്രം കുറിച്ചത്. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ 183 റണ്‍സിന് പുറത്തായെങ്കിലും വിന്‍ഡീസിനെ 140 റണ്‍സിന് കെട്ടുകെട്ടിക്കുകയായിരുന്നു. 7 ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റുകള്‍ നേടിയ മൊഹീന്ദര്‍ അമര്‍നാഥായിരുന്നു അന്ന് മാന്‍ ഓഫ് ദി മാച്ച്. കപില്‍ദേവാണ് ആദ്യ ലോകകപ്പ് നേട്ടത്തില്‍ ഇന്ത്യയെ നയിച്ചിരുന്നത്.