SHARE

ഐ-ലീ​ഗിൽ കേരളത്തിന്റെ ​ഗോകുലം കേരള എഫ്.സിക്ക് തോൽവി. എവേ മത്സരത്തിൽ ഇന്ത്യൻ ആരോസിനോടാണ് കേരളക്കരയുടെ ടീമിന്റെ തോൽവി. ലീ​ഗിൽ തങ്ങളേക്കാൾ പിന്നിലുള്ള ടീമിനോടാണ് എതിരില്ലാത്ത ഒരു ​ഗോളിന് ​ഗോകുലം തോറ്റത്.

ഒഡിഷയിലെ ബാരാബതി സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ തുടക്കം മുതൽ തന്നെ മുന്നേറിയത് ആരോസായിരുന്നു. എന്നാൽ ​ഗോളവസരങ്ങൾ ഒന്നുതന്നെ കാര്യമായി സൃഷ്ടിക്കാനായില്ല. ഇതോടെ ആദ്യ പകുതി ​ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.രണ്ടാം പകുതി ആരംഭിച്ച് ഇരുപത് മിനിറ്റായപ്പോഴേക്കും ആരോസ് ലീഡ് നേടി. വിക്രം പ്രതാപ് സിങ്ങിനെ പെനാൽറ്റി ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച സ്പോട്ട്കിക്ക് എടുത്ത അമർജിത് ഖയമിന് പിഴച്ചില്ല‌

തുടർന്ന് ​ഗോൾ മടക്കാൻ ​ഗോകുലം നടത്തിയ ശ്രമങ്ങൾ ഒന്നും വിജയിച്ചില്ല. ഇതോടെ സീസണിലെ മൂന്നാം തോൽവി ​ഗോകുലം വഴങ്ങി. ലീ​ഗിൽ പത്ത് പോയിന്റുമായി ​ഗോകുലം എട്ടാമതാണ്. ഏഴ് പോയിന്റുള്ള ആരോസ് ഒമ്പതാമതും