SHARE

സൂപ്പര്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ നാണംകെടുത്തി ഇന്ത്യന്‍ ആരോസ്. ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ആരോസ് യുവനിര ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്തത്. അര്‍ജിത്ത് കിയാം ആരോസിന് വേണ്ടി ഇരട്ടഗോളുകള്‍ നേടി.

ബ്ലാസ്റ്റേഴ്സ് മുന്നേറ്റങ്ങളോടെയാണ് സൂപ്പ‍ര്‍ കപ്പ് യോഗ്യതാ മത്സരം തുടങ്ങിയത്. എന്നാല്‍ പതുക്കെ ആരോസ് മത്സരത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. ഇടതുവിംഗിലൂടെ മലയാളി താരം രാഹുല്‍ കെ പി മികച്ച മുന്നേറ്റങ്ങളാണ് ആരോസിന് വേണ്ടി നടത്തിയത്. ഒടുവില്‍ 39ാം മിനുട്ടില്‍ അമര്‍ജിത്ത് കിയാം ആരോസിനെ മുന്നിലെത്തിച്ചു. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഒരു ഗോളിന് മുന്നിലായിരുന്നു ആരോസ്.

ഒരു ഗോളിന് പിന്നിലായിട്ടും രണ്ടാം പകുതിയില്‍ ഉണര്‍ന്ന് കളിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ശ്രമിച്ചില്ല. ആരോസാകട്ടെ, ലീഡ് നേടിയതിന്റെ ആശ്വാസത്തിലാണ് പന്തുതട്ടിയത്. 76ാം മിനുട്ടില്‍ തുടരെത്തുടരെ മൂന്നു കോര്‍ണറുകളാണ് ആരോസിന് ലഭിച്ചത്. മൂന്നാം കോര്‍ണറിനൊടുവില്‍ ബ്ലാസ്‌റ്റേഴ്‌സ് വലയിലേക്ക് കയറുകയായിരുന്ന പന്തു കൈ കൊണ്ടു തടുത്തതിന് അനസിന് റെഡ് കാര്‍ഡും ആരോസിന് പെനാല്‍ട്ടിയും.

കിക്കെടുത്ത അമര്‍ജിത്ത് ബ്ലാസ്റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ ധീരജ് സിംഗിനെ കാഴ്ച്ചക്കാരനാക്കി ഗോള്‍ നേടുകയും ചെയ്തു. 83ാം മിനുട്ടില്‍ സന്ദേശ് ജിങ്കനെ വീഴ്ത്തിയതിന് ആരോസിന്റെ ജിതേന്ദ്ര സിംഗും ചുവപ്പു കാര്‍ഡ് കണ്ടു. അവസാന നിമിഷംവരെ ഗോള്‍ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും മികച്ച സേവുകളുമായി ആരോസ് ഗോള്‍ കീപ്പര്‍ പ്രഭ്‌സുഖാന്‍ ഗില്‍ ബ്ലാസ്റ്റേഴ്‌സിന് മുന്നില്‍ വിലങ്ങുതടിയായി. സൂപ്പര്‍ കപ്പ് പ്രീ ക്വാര്‍ട്ടറില്‍ എഫ് സി ഗോവയാണ് ആരോസിന്റെ എതിരാളികള്‍.