SHARE

അയര്‍ലന്‍ഡിലും ഇംഗ്ലണ്ടിലും നടന്ന ലിമിറ്റഡ് ഓവര്‍ മത്സരങ്ങളില്‍ ശ്രദ്ധേയമായ ചില പ്രകടനങ്ങള്‍ നടത്തിയിരുന്നു ഇന്ത്യന്‍ താരം രോഹിത് ശര്‍മ്മ. അയര്‍ലന്‍ഡിനെതിരെ ആദ്യ ടി20യില്‍ 97 റണ്‍സ് നേടിയ രോഹിത്, ഇംഗ്ലണ്ടിനെതിരെ അവസാന ടി20യില്‍ സെഞ്ചുറിയും നേടി. ഇംഗ്ലണ്ടിനെതിരെ ആദ്യ ഏകദിന മത്സരത്തില്‍ 137 റണ്‍സ് അടിച്ചെടുത്ത് താരം ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.

എന്നാല്‍ അവസാന രണ്ടു മത്സരങ്ങളും പരാജയപ്പെട്ട ഇന്ത്യ പരമ്പര അടിയറവ് വെക്കുകയായിരുന്നു. അതിന് ശേഷം ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ രോഹിത് ശര്‍മ്മക്ക് സ്ഥാനം ലഭിച്ചിരുന്നില്ല. എന്നാലിപ്പോള്‍ മുംബൈയ്ക്ക് വേണ്ടി ആഭ്യന്തര ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഒരുക്കത്തിലാണ് രോഹിത്. മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് സീസണ്‍ ക്യാമ്പില്‍ പങ്കെടുക്കുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ടപ്പോള്‍ രോഹിത് ശര്‍മ്മയുടെ പേരും അതിലുണ്ട്.

അജിങ്ക്യ രഹാനെ, ധവാല്‍ കുല്‍ക്കര്‍ണി, ഷര്‍ദുല്‍ താക്കൂര്‍, സൂര്യകുമാര്‍ യാദവ്, ആദിത്യ താരെ, പ്രിത്വി ഷാ, ശ്രേയസ്സ് അയ്യര്‍ തുടങ്ങിയ താരങ്ങളും പട്ടികയിലുണ്ട്. ഇതില്‍ രഹാനെയും ഷര്‍ദുല്‍ താക്കൂറും ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മൂന്നു ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ടീമില്‍ ഇടംപിടിച്ചവരാണ്. എന്തായാലും അടുത്ത സീസണില്‍ മുംബൈയുടെ ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനത്തില്‍ നിര്‍ണ്ണായക സാന്നിധ്യമാവും രോഹിത് ശര്‍മ്മ.