SHARE

കേപ്ടൗണിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കുന്ന ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ പരാജയത്തിലേക്ക്. ദക്ഷിണാഫ്രിക്ക നൽകിയ 208 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ ടീം ഇന്ത്യയ്ക്ക് 82 റൺസ് എടുക്കുമ്പോളേക്കും 7 വിക്കറ്റുകൾ നഷ്ടമായിക്കഴിഞ്ഞു. 3 വിക്കറ്റുകൾ ശേഷിക്കേ സന്ദർശകർക്ക് ജയിക്കാൻ വേണ്ടത് 126 റൺസാണ്. പേസ് ബൗളർമാരുടെ പറുദീസയായി മാറിയ പിച്ചിൽ നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ സാധ്യതകൾ ഏറെക്കുറെ അസ്തമിച്ച് കഴിഞ്ഞു.

നേരത്തെ 65-2 എന്ന നിലയിൽ നാലാം ദിനം കളി ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് 65 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ അവസാന 8 വിക്കറ്റുകൾ നഷ്ടമായിരുന്നു. മൂന്ന് വിക്കറ്റുകൾ വീതം നേടിയ ജസ്പ്രീത് ബുംറയും, മൊഹമ്മദ് ഷാമിയുമാണ് ആതിഥേയരെ തകർത്തത്.

എന്നാൽ ചെറിയ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയേയും സമാന തകർച്ച യായിരുന്നു കാത്തിരുന്നത്. 30 റൺസിൽ ആദ്യ വിക്കറ്റ് വീണ അവർക്ക് പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു. ആദ്യ ഇന്നിംഗ്സിൽ ഒറ്റയാൾ പോരാട്ടത്തിലൂടെ ടീമിനെ രക്ഷിച്ച ഓൾ റൗണ്ടർ ഹാർദിക് പാണ്ട്യ വീണ്ടും രക്ഷകനാകുമെന്ന് അരാധകർ പ്രതീക്ഷിച്ചെങ്കിലും ഇത്തവണ അതുണ്ടായില്ല. 1 റൺസെടുത്ത പാണ്ട്യയെ റബാഡ പുറത്താക്കുകയായിരുന്നു.