SHARE

യുവതാരം ശ്രേയസ് അയ്യര്‍ക്ക് ട്വന്റി-20യിലെ ഉയര്‍ന്ന ഇന്ത്യന്‍ സ്‌കോറുകാരനെന്ന റിക്കാര്‍ഡ്. മുഷ്താഖ് അലി ട്രോഫിയില്‍ ദുര്‍ബലരായ സിക്കിമിനെതിരേയാണ് അയ്യര്‍ തകര്‍ത്തടിച്ച് റിക്കാര്‍ഡ് സ്വന്തമാക്കിയത്. 55 പന്തില്‍ നിന്ന് 147 റണ്‍സാണ് മുംബൈ താരം അടിച്ചുകൂട്ടിയത്. സാക്ഷാല്‍ റിഷാഭ് പന്തിന്റെ ഐപിഎല്‍ റിക്കാര്‍ഡാണ് ശ്രേയസ് മറികടന്നത്. കഴിഞ്ഞവര്‍ഷം ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയാണ് പന്ത് 128 റണ്‍സെടുത്തത്.

സിക്കിമിനെ സിക്‌സര്‍ മഴയില്‍ മുക്കുകയായിരുന്നു അയ്യര്‍. 15 സിക്‌സറും ഏഴു ബൗണ്ടറിയുമാണ് ആ ബാറ്റില്‍ നിന്നും പിറന്നത്. ട്വന്റി-20യില്‍ ഒരു മത്സരത്തില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന റിക്കാര്‍ഡും ഈ മത്സരത്തോടെ കുറിക്കപ്പെട്ടു. മുരളി വിജയ് നേടിയ 11 സിക്‌സറുകളെന്ന റിക്കാര്‍ഡാണ് പഴങ്കഥയായത്. സിക്കിം പേസര്‍ തഷി ഭല്ലയുടെ ഒരോവറില്‍ 35 റണ്‍സാണ് അയ്യര്‍ അടിച്ചെടുത്തത്.

വെറും 38 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ അയ്യര്‍ വേഗതയേറിയ ഇന്ത്യന്‍ സെഞ്ചുറിയില്‍ നാലാമതെത്തി. പന്ത് (32), രോഹിത് ശര്‍മ (35), യൂസഫ് പത്താന്‍ (37) എന്നിവര്‍ക്കു പിന്നിലാണ് അയ്യരുടെ സ്ഥാനം. മത്സരത്തില്‍ 20 ഓവറില്‍ നാലിന് 258 റണ്‍സെടുത്ത മുംബൈ എതിരാളികളെ 104 റണ്‍സിലൊതുക്കി. ജയം 154 റണ്‍സിനാണ്.