SHARE

2019 ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ചിടത്തോളം മികച്ചൊരു വർഷമായിരുന്നു. ഏകദിന ലോകകപ്പ് സെമിയിലെ പരാജയംമാറ്റി നിർത്തിയാൽ ടീംഇന്ത്യ ഏറെ നേട്ടങ്ങളുണ്ടാക്കിയ വർഷമാണ് കടന്ന് പോകുന്നത്. 2019 കടന്ന് 2020 ലെത്തുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളെ കാത്തിരിക്കുന്നത് ക്രിക്കറ്റ് പൂരത്തിന്റെ മറ്റൊരു വർഷമാണ്. തുടരെ തുടരെ മത്സരങ്ങളാണ് ഇന്ത്യയെ 2020 ൽ കാത്തിരിക്കുന്നത്. ശക്തരായ ടീമുകൾക്കെതിരായ മത്സരങ്ങൾക്ക് പുറമേ ടി20 ലോകകപ്പും, ഏഷ്യാകപ്പും അടുത്ത വർഷം നടക്കും. ഇതിനൊപ്പം ഇന്ത്യൻ പ്രീമിയർ ലീഗുമുണ്ട്.

ശ്രീലങ്കയ്ക്കെതിരായ മൂന്ന് മത്സര ടി20 പരമ്പരയോടെയാണ് ഇന്ത്യ അടുത്ത വർഷത്തെ ക്രിക്കറ്റ് മത്സരങ്ങൾ ആരംഭിക്കുന്നത്. നാട്ടിൽ നടക്കുന്ന ഈ പരമ്പരയ്ക്ക് ശേഷം ഇന്ത്യ മൂന്ന് മത്സര ഏകദിന പരമ്പരയിൽ കരുത്തരായ ഓസ്ട്രേലിയയെ നേരിടും. ജനുവരി മാസമാണ് ഈ രണ്ട് പരമ്പരകളും നടക്കുക. ജനുവരി 24 മുതൽ മാർച്ച് 4 വരെ ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനം നടക്കും. രണ്ട് ടെസ്റ്റ്, 3 ഏകദിനങ്ങൾ, 5 ടി20 മത്സരങ്ങൾ എന്നിവയാണ് ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിലുള്ളത്. തുടർന്ന് ഇന്ത്യയിൽ തിരിച്ചെത്തുന്ന ടീം നാട്ടിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്ന് മത്സര ഏകദിന‌ പരമ്പര കളിക്കും. പിന്നീടുള്ള രണ്ട് മാസം ഇന്ത്യൻപ്രീമിയർ ലീഗാണ്.

ഐപിഎല്ലിന് ശേഷം ഏഷ്യാകപ്പ് ടി20 യിലും. ഇംഗ്ലണ്ടിനെതിരെ മൂന്ന് വീതം ഏകദിനങ്ങളും, ടി20 മത്സരങ്ങളുമടങ്ങുന്ന പരമ്പരയിലും ഇന്ത്യ മത്സരിക്കും. ഓസ്ട്രേലിയക്കെതിരായ മൂന്ന് മത്സര ടി20 പരമ്പരയും, ടി20 ലോകകപ്പും പിന്നാലെയുണ്ട്‌. ഏറ്റവും അവസാനം ഓസ്ട്രേലിയക്കെതിരായ മൂന്ന് ടെസ്റ്റുകളും ഇന്ത്യയെ കാത്തിരിക്കുന്നു. ഫിക്സ്ചർ പ്രഖ്യാപിച്ചിട്ടില്ലാത്ത രണ്ട് പരമ്പരകൾ കൂടി 2020 ൽ ഇന്ത്യ കളിക്കുന്നുണ്ട്. സിംബാബ്‌വെയ്ക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയും, ശ്രീലങ്കയ്ക്കെതിരായ മൂന്ന് മത്സര ടി20, മൂന്ന് മത്സര ഏകദിന പരമ്പര എന്നിവയാണത്.