SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിന് തയ്യാറെടുക്കുന്ന എഫ്.സി ​ഗോവ ഇന്ത്യൻ പ്രതിരോധതാരം അയ്ബൻ ഡോഹ്ലിങ്ങുമായി കരാർ പുതുക്കി. ഒന്നിലേറെ വർഷത്തേക്കുള്ള പുതിയ കരാറിലാണ് അയ്ബൻ ഒപ്പുവച്ചിരിക്കുന്നത്. ഖേൽനൗവാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മേഘാലയയിൽ നിന്നുള്ള അയ്ബൻ 2019 മുതൽ ​ഗോവയുടെ ഭാ​ഗമാണ്. കഴിഞ്ഞ ഐ.എസ്.എൽ സീസണിനിടെ തന്നെ കരാർ പുതുക്കുന്ന കാര്യത്തിൽ ക്ലബും അയ്ബനുമായി ധാരണയിലെത്തിയിരുന്നെന്നും ഇപ്പോൾ അത് ഔദ്യോ​ഗികമായി ഒപ്പുവച്ചെന്നുമാണ് ഖേൽ നൗ റിപ്പോർട്ട്. 2018-19 ഐ-ലീ​ഗിൽ സീസണിൽ ഷിലോങ് ലജോങ്ങിനായി നടത്തിയ മിന്നുന്ന പ്രകടനമാണ് അയ്ബനെ സ്വന്തമാക്കാൻ ​ഗോവയെ പ്രേരിപ്പിച്ചത്. ​ഗോവയിലെത്തി ആദ്യ സീസണിൽ വെറും ഒരു മത്സരം മാത്രമാണ് അയ്ബന് കളിക്കാനായത്.

കഴിഞ്ഞ സീസണിൽ യുവാൻ ഫെറാൻഡോയ്ക്ക് കീഴിൽ അയ്ബന് കൂടുതൽ അവസരങ്ങൾ ലഭിച്ചു. ഏ.എഫ്.സി ചാമ്പ്യൻസ് ലീ​ഗിൽ അൽ വഹ്ദയ്ക്കെതിരായ മത്സരത്തിൽ മുഴുവൻ സമയവും കളിക്കാൻ അയ്ബന് അവസരം ലഭിച്ചു. പ്രതിരോധത്തിൽ ഏത് പൊസിഷനിലും കളിക്കാൻ കഴിയുന്ന അയ്ബൻ ലോങ് ത്രോയിൽ വിദ​ഗ്ധനുമാണ്.