SHARE

ഓസ്‌ട്രേലിയക്കെതിരെ ആദ്യ ഏകദിന മത്സരത്തില്‍ വിജയം നേടിയതിന്റെ ആശ്വാസത്തിലാണ് ഇന്ത്യ. ടി20 പരമ്പര അടിയറവ് വെച്ചുവെങ്കിലും ഏകദിന പരമ്പരയില്‍ വിജയം കൊണ്ട് തുടങ്ങിയത് ടീമിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്.  മത്സരത്തില്‍ 236 റണ്‍സ് വിജയലക്ഷ്യം നേരിട്ട ഇന്ത്യയ്ക്ക് 99 റണ്‍സെടുക്കുന്നതിനിടെ 4 വിക്കറ്റുകള്‍ നഷ്ടമായിരുന്നു. പിന്നീട് കേദാര്‍ ജാദവും എം എസ് ധോണിയും ചേര്‍ന്നാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

ഇന്ത്യ 6 വിക്കറ്റുകള്‍ക്ക് വിജയിച്ച മത്സരത്തില്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ റണ്‍സൊന്നുമെടുക്കാതെയാണ് പുറത്തായത്. ഇതോടെ ഫോമിലുള്ള കെ എല്‍ രാഹുലിനെ ടീമിലെത്തിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ആരാധകര്‍. ടി20 പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച രാഹുലിനെ രണ്ടാം ഏകദിനത്തില്‍ കളിപ്പിക്കണമെന്ന് ട്വിറ്ററിലൂടെയാണ് ആരാധകര്‍ മുറവിളി കൂട്ടുന്നത്. ട്വിറ്ററില്‍ വിരാട് കോഹ്ലി പങ്കുവെച്ച ചിത്രത്തിന് താഴെയാണ് രാഹുലിനെ കളിപ്പിക്കണമെന്ന തരത്തില്‍ കമന്റുകള്‍ വന്നുകൊണ്ടിരിക്കുന്നത്. ചൊവ്വാഴ്ച്ച (മാര്‍ച്ച് 5) നാഗ്പൂരിൽ വെച്ചാണ് രണ്ടാം ഏകദിനത്തിൽ ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടുക.