SHARE

2018ല്‍ ആദ്യമായി പുറത്ത് വന്ന ഫിഫ റാങ്കിംഗില്‍ ഇന്ത്യയ്ക്ക് നേട്ടം. മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഇന്ത്യ നിലവില്‍ റാങ്കിംഗില്‍ 102ാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷത്തിന്റെ തുടക്കത്തില്‍ 30 റാങ്കുകള്‍ മെച്ചപ്പെടുത്തിയ ഇന്ത്യ ആ വര്‍ഷം അവസാനപ്പിച്ചത് 105ാം സ്ഥാനത്തായിരുന്നു.

മാത്രമല്ല, കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റെയിന്റെ കീഴില്‍ പരാജയമറിയാതെ തുടര്‍ച്ചയായ 9 മത്സരങ്ങള്‍ കളിച്ച ടീം 2019ലെ എ എഫ് സി ഏഷ്യന്‍ കപ്പിന് യോഗ്യത നേടുകയും ചെയ്തു. ജനുവരിയില്‍ ഇന്ത്യ നാലു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 101ാം റാങ്കിലെത്തുമെന്നായിരുന്നു ഫുട്‌ബോള്‍ വിദഗ്ദരുടെ വിലയിരുത്തല്‍. എന്നാല്‍ 102ാം സ്ഥാനത്താണ് ഇന്ത്യ ഇപ്പോള്‍ എത്തിയിരിക്കുന്നത്. മാര്‍ച്ചില്‍ കിര്‍ഗിസ്ഥാനെതിരെ നടക്കുന്ന ഏഷ്യാ കപ്പ് യോഗ്യതാ മത്സരത്തില്‍ മികച്ച പ്രകടനം നടത്തുകയാണെങ്കില്‍ ഇന്ത്യക്ക് റാങ്കിംഗ് മെച്ചപ്പെടുത്താനാവും.

പുതിയ റാങ്കിംഗിലും ജര്‍മ്മനി തന്നെയാണ് തലപ്പത്ത്. ബ്രസീല്‍ രണ്ടും പോര്‍ച്ചുഗല്‍ മൂന്നും അര്‍ജന്റീന നാലും സ്ഥാനങ്ങള്‍ നിലനിര്‍ത്തിയിട്ടുണ്ട്. 34ാം സ്ഥാനത്തുള്ള ഇറാനാണ് ഏഷ്യയില്‍ ഏറ്റവും ആദ്യ റാങ്കിലുള്ളത്. ഏഷ്യയില്‍ 14ാം റാങ്കാണ് ഇന്ത്യക്ക് നിലവിലുള്ളത്.