SHARE
file photo

ഈ വർഷം ജക്കാർത്തയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിൽ അനുമതി നിന്ന് ലഭിച്ചിട്ടില്ലെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എ ഐ എഫ് എഫ്). ഞായറാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ ഇന്ത്യൻ ടീമിന് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ അനുമതി ലഭിക്കുമെന്ന് പരിശീലകൻ സ്റ്റീഫൻ കോൻസ്റ്റന്റൈൻ പറഞ്ഞിരുന്നെങ്കിലും ഇത് സംബന്ധിച്ച യാതൊരു കത്തും ഇതേ വരെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിൽ നിന്ന് എ ഐ എഫ് എഫിന് ലഭിച്ചിട്ടില്ല.

എന്ത് കൊണ്ടാണ് ഇന്ത്യൻ ടീമിന് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നതിനായുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ നൽകാതിരിക്കുന്നത് എന്നതിൽ വ്യക്തതയില്ലെങ്കിലും, കിരീട സാധ്യതയില്ലാത്തതിനാലാണ് അവരെ ഗെയിംസിനയക്കാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ താല്പര്യപ്പെടാത്തതെന്നാണ്സൂചന. സമീപകാലത്തായി ഫുട്ബോളിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ഇന്ത്യൻ ഫുട്ബോൾ ടീമിന് കനത്ത തിരിച്ചടിയാണിത്.

ഈ വർഷം ഓഗസ്റ്റിലെ രണ്ടാം ആഴ്ച മുതലാണ് ജക്കാർത്തയിൽ ഏഷ്യൻ ഗെയിംസ് ആരംഭിക്കുന്നത്. രാജ്യങ്ങളുടെ അണ്ടർ 23 ടീമുകൾക്കാണ് ഏഷ്യാഡിലെ ഫുട്ബോൾ മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കുക. ഓരോ ടീമിനും തങ്ങളുടെ 3 സീനിയർ താരങ്ങളെയും മത്സരങ്ങൾക്കായി ടീമിലെടുക്കാം.