SHARE

വിദേശ ലീഗുകളിൽ കളിക്കാൻ ഇന്ത്യൻ താരങ്ങൾക്ക്‌ ബിസിസിഐ അനുവാദം നൽകാറില്ല. ബിസിസിഐ പോളിസി അനുസരിച്ച് വിദേശ ലീഗുകളിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് പിന്നീട് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാഗമാകാനാവില്ല. അത് കൊണ്ടു തന്നെ വിരമിക്കലിന് ശേഷമാണ്‌ ഇന്ത്യൻ താരങ്ങൾ വിദേശ ടി20 ലീഗുകളിൽ കളിക്കാറുള്ളത്.

എന്നാൽ ഇപ്പോളിതാ ഇതാദ്യമായി ഒരു വിദേശ ടി20 ലീഗിൽ ബിസിസിഐയുടെ അനുവാദത്തോടെ ഇന്ത്യൻ പുരുഷ താരങ്ങൾ കളിക്കാനുള്ള സാധ്യതകൾ തെളിഞ്ഞിരിക്കുന്നു‌. ഇംഗ്ലണ്ടിൽ നടന്നു കൊണ്ടിരിക്കുന്ന ഹണ്ട്രഡ് ലീഗിൽ അടുത്ത വർഷം ഇന്ത്യൻ താരങ്ങളുണ്ടാകാനുള്ള സാധ്യതകളാണ് ഇപ്പോൾ ഉയർന്നു വന്നിരിക്കുന്നത്. ഹണ്ട്രഡ് ലീഗിലെ ഇന്ത്യൻ താരങ്ങളുടെ പങ്കാളിത്തവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബിസിസിഐയും, ഇംഗ്ലീഷ് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡും തമ്മിൽ ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണെന്ന്‌ ഇന്ത്യൻ മാധ്യമമായ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്‌. എന്നാൽ ബിസിസിഐ ഇതു വരെ ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊ‌ണ്ടിട്ടില്ലെന്നാണ് സൂചനകൾ.

അതേ സമയം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ പിന്തുണയോടെ നടക്കാൻ പോകുന്ന കാശ്മീർ പ്രീമിയർ ലീഗിൽ ഇംഗ്ലീഷ് താരങ്ങൾ പങ്കെടുക്കില്ലെന്ന കാര്യവും ഉറപ്പായിട്ടുണ്ട്‌. ടൂർണമെന്റിനെ പരസ്യമായി എതിർത്ത് ബിസിസിഐ രംഗത്തു വന്നതിന് പിന്നാലെയാണ് ഇംഗ്ലീഷ് താരങ്ങളും ഇതിൽ നിന്ന് വിട്ടു നിൽക്കുമെന്ന കാര്യം ഉറപ്പായത്‌. കഴിഞ്ഞ ദിവസം ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിക്കവെ ബിസിസിഐ ഒഫീഷ്യൽമാരിലൊരാൾ ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്.