ഇംഗ്ലീഷ് ഫുട്ബോളിലെ ഭാവി വാഗ്ദാനങ്ങളിലൊരാളായി പരിഗണിക്കുന്ന ഇന്ത്യൻ വംശജൻ ഡിലൻ മാർഖണ്ഡെ സൂപ്പർക്ലബ് ടോട്ടനം ഹോട്സ്പർസ് വിട്ടു. രണ്ടാം ഡിവിഷൻ ക്ലബായ ബ്ലാക്ക്ബേൺ റോവേഴ്സുമായാണ് ഡിലൻ കരാർ ഒപ്പുവച്ചത്. ബ്ലാക്ക്ബേൺ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
വിങ്ങറായ ഡിലൻ മുന്നേറ്റനിരയിൽ വിവിധ പൊസിഷനുകളിൽ കളിക്കുന്ന താരമാണ്. ടോട്ടനത്തിന്റെ അക്കദമിയിലൂടെ വളർന്നുവന്ന താരം ഇക്കുറി അവരുടെ സീനിയർ സ്ക്വാഡിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ യുവേഫ കോൺഫറൻസ് ലീഗിലെ ഒരു മത്സരത്തിൽ മാത്രമാണ് ഈ 20-കാരൻ ടോട്ടനത്തിന്റെ സീനിയർ ടീം ജേഴ്സി അണിഞ്ഞത്.
ടോട്ടനത്തിന്റെ അണ്ടർ 23-ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഡിലൻ. ഈ സീസണിൽ പ്രീമിയർ ലീഗ് 2-ൽ തകർപ്പൻ ഫോമിലായിരുന്നു ഡിലൻ. സീസണിൽ 12 ഗോൾ നേടിയ താരം അഞ്ച് ഗോളിന് വഴിയൊരുക്കുകയും ചെയ്തു.
മൂന്നര വർഷത്തെ കരാറിലാണ് ഡിലനിപ്പോൾ ബ്ലാക്ക്ബേണിന്റെ ഭാഗമായിരിക്കുന്നത്. ഈ കരാർ വീണ്ടുമൊരുവർഷത്തേക്ക് കൂടി പുതുക്കാൻ അവസരമുണ്ട്. ഒരു കാലത്ത് പ്രീമിയർ ലീഗിലെ സ്ഥിരം സാന്നിധ്യമായിരുന്ന ബ്ലാക്ക്ബേൺ, 2012-ലാണ് തരംതാഴ്ത്തപ്പെട്ടത്. പിന്നീട് രണ്ടാം ഡിവിഷനിലും ഇടയ്ക്ക് മൂന്നാം ഡിവിഷനിലും അവർ കളിച്ചു. രണ്ടാം ഡിവിഷനായ ചാമ്പ്യൻഷിപ്പിൽ നിലവിൽ മൂന്നാം സ്ഥാനത്താണ് ബ്ലാക്കബേൺ. നിലവിലെ ഉജ്ജ്വല പ്രകടനം തുടർന്നാൽ അടുത്ത സീസണിൽ പ്രീമിയർ ലീഗിൽ തിരിച്ചെത്താൻ ബ്ലാക്ക്ബേണിന് സാധിച്ചേക്കും.