SHARE

ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് കാർഡിഫ് സ്റ്റേഡിയത്തിൽ നടക്കും. ഇന്ത്യൻ സമയം രാത്രി 10 മണിക്കാണ് മത്സരം. മൂന്ന് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം ജയിച്ച ഇന്ത്യ പരമ്പരയിൽ 1-0 ന് മുന്നിലാണ്. ഓസ്‌ട്രേലിയെ തൂത്തുവാരിയ മികവുമായെത്തിയ ഇംഗ്ലണ്ട് ടീം ഇന്ത്യക്ക് മുന്നിൽ പതറുന്ന കാഴ്ചയായിരുന്നു ആദ്യ മത്സരത്തിൽ. കെ എൽ രാഹുലിന്റെ സെഞ്ച്വറിയും 5 വിക്കറ്റെടുത്ത കുൽദീപ് യാദവിന്റെ തകർപ്പൻ ബോളിംഗും ഇന്ത്യൻ വിജയം അനായാസമാക്കി.

രണ്ടാം മത്സരത്തിന് കാർഡിഫിൽ ഇറങ്ങുമ്പോൾ ഇന്ത്യൻ താരങ്ങളെ അന്താരാഷ്ട്ര ടി20 യിലെ ചില നാഴികക്കല്ലുകൾ കാത്തിരിക്കുന്നു.

1. ഇന്നത്തെ മത്സരത്തിൽ 19 റൺസ് നേടിയാൽ അന്താരാഷ്ട്ര ടി20 യിൽ 2000 റൺസ് ക്ലബ്ബിൽ എത്തുന്ന അഞ്ചാം താരമാകാൻ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മയ്ക്ക് കഴിയും. ഇതിനൊപ്പം നായകൻ വിരാട് കോഹ്ലിക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാകാനും രോഹിതിന് കഴിയും.

2. ടി20 റൺ വേട്ടയിൽ പാക് താരം ഷോയിബ് മാലിക്കിനെ പിന്തള്ളാൻ ക്യാപ്റ്റൻ കോഹ്‌ലിക്ക് വേണ്ടത് 56 റൺസാണ്. റൺവേട്ടയിൽ മൂന്നാം സ്ഥാനത്തുള്ള ഷോയിബ് മാലിക്കിന്റെ സമ്പാദ്യം 2067 റൺസാണ്. നിലവിൽ കോഹ്ലി ടി20 യിൽ 2012 റൺസാണ് നേടിയിട്ടുള്ളത്.

3. മുൻ നായകൻ എം എസ് ധോണിക്കാകട്ടെ 45 റൺസ് കൂടി നേടിയാൽ ടി20 യിൽ 1500 റൺസ് എന്ന നേട്ടത്തിൽ എത്താം. അങ്ങനെയെങ്കിൽ ഈ നേട്ടം കൈവരിക്കുന്ന 3മത്തെ ഇന്ത്യൻ ബാറ്റ്സ്മാനാകും ധോണി.

4.1000 റൺസ് ക്ലബ്ബിലെത്താൻ ശിഖർ ധവാന് വേണ്ടത് 38 റൺസ് മാത്രമാണ്. 1000 റൺസ് നേടുന്ന 6-മത്തെ ഇന്ത്യൻ ബാറ്റ്സ്‌മാൻ എന്ന റെക്കോർഡും ധവാനെ കാത്തിരിക്കുന്നു.

5. ടി20 യിൽ 50 ക്യാച്ച് സ്വന്തമാക്കുന്ന ആദ്യ വിക്കറ്റ് കീപ്പറാകാൻ ഒരുങ്ങുകയാണ് എം എസ് ധോണി. ഒരു ക്യാച്ച് കൂടി നേടിയാൽ ഇന്ത്യൻ വിക്കറ്റ് കീപ്പർക്ക് ഈ നേട്ടം കൈവരിക്കാനാകും.