SHARE

ചൈനയ്ക്കെതിരെ ഇന്ന് നടക്കുന്ന സൗഹൃദഫുട്ബോൾ മത്സരത്തിനുള്ള ഇന്ത്യയുടെ അന്തിമ ഇലവനെ പ്രഖ്യാപിച്ചു‌. ഇന്ത്യയുടെ ഇരുപത്തിരണ്ടംഗ സംഘത്തിനൊപ്പമുള്ള മലയാളി താരങ്ങളായ അനസ് എടത്തൊടികയ്ക്കും, ആഷിഖ് കുരുനിയനും ആദ്യ ഇലവനിൽ ഇടം ലഭിച്ചിട്ടില്ല.

സൂപ്പർ താരങ്ങളായ ജെജെ ലാൽ പെഖുല, സുനിൽഛേത്രി, ഹോളിചരൺ നർസാരി, ഉദാന്ത സിംഗ് എന്നിവരാണ് മുന്നേറ്റ നിരയിൽ കളിക്കുക. പ്രണോയ് ഹാൾദറും, അനിരുദ്ധ് ഥാപയും മധ്യനിരയിലും, നാരായൺ ദാസ്, സുഭാശിഷ് ബോസ്, സന്ദേശ് ജിങ്കൻ, പ്രിതംകോട്ടാൽ എന്നിവർ പ്രതിരോധത്തിലും പന്ത് തട്ടും. ബെംഗളൂരു എഫ് സിയുടെ ഗുർപ്രീത് സിംഗ് സന്ധു തന്നെയാണ് കരുത്തരായ ചൈനക്കെതിരെ ഇന്ത്യൻ ഗോൾ വല കാക്കുക.

ചൈനയുമായി പതിനേട്ടാം തവണയാണ് ഇന്ത്യ മത്സരിക്കാനൊരുങ്ങുന്നത്. മുൻപ് മത്സരിച്ച 17 മത്സരങ്ങളിൽ പന്ത്രണ്ടെണ്ണത്തിലും ചൈന വിജയം കണ്ടപ്പോൾ, അഞ്ചെണ്ണം സമനിലയിലാവുകയായിരുന്നു. 1997 ഏപ്രിൽ പതിനൊന്നാം തീയതി കൊച്ചിയിൽ നടന്ന നെഹ്‌റു കപ്പിന്റെ മൂന്നാം സ്ഥാനക്കാരെ കണ്ടെത്തുന്നതിനുള്ള പോരാട്ടത്തിലായിരുന്നു ഇന്ത്യയും ചൈനയും അവസാനമായി ഏറ്റുമുട്ടിയത്. ഇന്ത്യൻ ഇതിഹാസതാരം ബൈചുംഗ് ബൂട്ടിയ ഗോൾ നേടിയ അന്നത്തെ മത്സരത്തിൽ ഇന്ത്യ പക്ഷേ 2-1 ന് പരാജയപ്പെട്ടിരുന്നു.