SHARE

ഇംഗ്ലണ്ടിനെതിരെ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളും പരാജയപ്പെട്ട ഇന്ത്യയ്ക്ക് മൂന്നാം ടെസ്റ്റിന് മുമ്പ് ആശ്വാസ വാര്‍ത്ത. പരുക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായ സൂപ്പര്‍ താരം ജസ്പ്രീത് ബുംറ ഫിറ്റ്നസ് വീണ്ടെടുത്ത് കളിക്കാനെത്തുമെന്നാണ് റിപ്പോര്‍ട്ട്. താരത്തിന്റ തിരിച്ചുവരവ് ഇന്ത്യന്‍ പേസ് ബോളിംഗിന് കരുത്താവുമെന്ന് ഉറപ്പാണ്. ലോര്‍ഡ്‌സില്‍ രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗിനിടെ പരുക്കേറ്റ രവിചന്ദ്ര അശ്വിനും ഹാര്‍ദിക് പാണ്ഡ്യയും ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടുണ്ട്.

അതേ സമയം പുറംവേദന കാരണം ബുദ്ധിമുട്ടുന്ന വിരാട് കോഹ്ലിയുടെ കാര്യത്തില്‍ ഇപ്പോഴും ഇന്ത്യ ആശങ്കയിലാണ്. എന്നാല്‍ മൂന്നാം ടെസ്റ്റിന് മുമ്പ് ഫിറ്റ്‌നെസ് വീണ്ടെടുക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് കോഹ്ലി. അതിനായുള്ള ശ്രമങ്ങളാണ് താരം നടത്തുന്നത്. അഞ്ചു ടെസ്റ്റ് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ 2-0ത്തിന് പിന്നിലാണ് ഇന്ത്യ. ആദ്യ ടെസ്റ്റില്‍ 31 റണ്‍സിന് പരാജയപ്പെട്ട ഇന്ത്യ ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഇന്നിംഗ്‌സിനും 159 റണ്‍സിനുമാണ് പരാജയപ്പെട്ടത്.

തോല്‍വിക്ക് പിന്നാലെ, ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെയും പരിശീലകനെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. ലോര്‍ഡ്‌സ് ടെസ്റ്റില്‍ ബാറ്റ്‌സ്മാന്‍മാര്‍ അമ്പേ, പരാജയപ്പെട്ടതാണ് വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ക്ക് വഴി വെക്കുന്നത്. 18 മുതല്‍ നോട്ടിംഗ്ഹാമിലെ ട്രെന്റ് ബ്രിഡ്ജ് മൈതാനത്താണ് ഇന്ത്യ – ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് നടക്കുന്നത്.