SHARE

ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റ് മത്സരം ബംഗ്ലാദേശിനെതിരെ ഇന്ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ആരംഭിച്ചു. ഇന്ത്യൻ പേസർമാർ ഇടിമിന്നലായ ആദ്യ ഇന്നിംഗ്സിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് വെറും 106 റൺസിൽ പുറത്തായി. മൊഹമ്മദ് ഷാമിയും, ഇഷാന്ത് ശർമ്മയും, ഉമേഷ് യാദവുമെല്ലാം രൗദ്രഭാവം പൂണ്ടപ്പോൾ ബംഗ്ലാദേശ് ബാറ്റ്സ്മാന്മാർ കളിമറക്കുകയായിരുന്നു.

മത്സരത്തിൽ ഇന്ത്യൻ പേസർമാരുടെ വേഗതയേറിയ ബൗൺസറുകൾ നേരിടാൻ ബംഗ്ലാദേശ് ബുദ്ധിമുട്ടുന്നത് അവരുടെ ആദ്യ ഇന്നിംഗ്സിൽ പല തവണ ക്രിക്കറ്റ് ലോകം കണ്ടതാണ്. ആദ്യ ഇന്നിംഗ്സിൽ ബംഗ്ലാദേശ് 73/6 എന്ന സ്കോറിൽ നിൽക്കുമ്പോളായിരുന്നു അവരുടെ യുവ താരം നയീം ഹസന്റെ ഹെൽമറ്റിൽ ഇന്ത്യയുടെ മൊഹമ്മദ് ഷമിയെറിഞ്ഞ പന്ത് കൊള്ളുന്നത്. പന്ത് കൊണ്ടതിന്റെ ആഘാതത്തിൽ താരത്തിന്റെ തല ശക്തമായി വേദനിച്ചു. അദ്ദേഹം ഹെൽമറ്റ് ഊരി മാറിനിന്നു.

ഇതോടെ ഇന്ത്യൻ ടീമും അമ്പയർമാരും നയീമിന്റെ അടുത്തേക്ക് എത്തി. ഈ സമയം ഇന്ത്യൻ നായകൻ വിരാട് കോഹ്ലി, നയീം ഹസനെ പരിശോധിക്കാൻ ഇന്ത്യൻ ടീം ഫിസിയോയെ ഗ്രൗണ്ടിലേക്ക് വിളിച്ചു. അമ്പയർമാരും ഇന്ത്യൻ ടീം ഫിസിയോയോട് ഗ്രൗണ്ടിലേക്കെത്താൻ ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് പരിക്കേറ്റ നയീം ഹസന് അരികിലെത്തിയ ഇന്ത്യൻ ടീം ഫിസിയോ നിതിൻ പട്ടേൽ താരത്തിന്റെ തല പരിശോധിച്ചു. എതിർ ടീമിലെ താരത്തിന് പരിക്ക് പറ്റിയപ്പോൾ ചികിത്സിക്കാൻ സ്വന്തം ടീം ഫിസിയോയെ വിളിച്ച് വരുത്തി ക്രിക്കറ്റ് ലോകത്തിന്റെ മുഴുവൻ കൈയ്യടി നേടിയിരിക്കുകയാണ് ഇപ്പോൾ ഇന്ത്യൻ ടീം.