SHARE

ഡെൽഹിയിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിൽ നടക്കുന്ന മൂന്നാംടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനം കളി നിർത്തുമ്പോൾ ഇന്ത്യ 371-4 എന്ന ശക്തമായ നിലയിൽ. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സെഞ്ചുറി നേടിയ ഓപ്പണർ മുരളി വിജയും ക്യാപ്റ്റൻ വിരാട് കോഹ്ലിയുമാണ് ഇന്ത്യൻ ബാറ്റിംഗിനെ മികച്ച സ്കോറിലേക്ക് നയിച്ചത്.

ചായയ്ക്ക് പിരിയുന്നതിന് മുൻപ് തന്റെ പതിനൊന്നാം സെഞ്ചുറി നേടിയ ഓപ്പണർ മുരളി വിജയ്, സണ്ടകന്റെ പന്തിൽ പുറത്താകുന്നതിന് മുൻപ് 13 ബൗണ്ടറികളടക്കം 155 റൺസ് സ്കോർ ചെയ്തിരുന്നു. മറു വശത്ത് ഏകദിന ശൈലിയിൽ ഇന്നിംഗ്സ് കെട്ടിപ്പടുക്കിയ ക്യാപ്റ്റൻ വിരാട് കോഹ്ലി 156 റൺസോടെ പുറത്താകാതെ നിൽക്കുന്നുണ്ട്.

ഒരു മത്സരത്തെ ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരിച്ചു വന്ന ഓപ്പണർ ശിഖാർ ധവാനും, ചേതശ്വർ പുജാരയും 23 റൺസ് വീതമെടുത്ത് പുറത്തായി. മറ്റൊരു ബാറ്റ്സ്മാൻ അജിങ്ക്യ രഹാനെയ്ക്ക് ഒരു റൺസ് മാത്രമെടുക്കാനേ കഴിഞ്ഞുള്ളൂ. ശ്രീലങ്കയ്ക്ക് വേണ്ടി സണ്ടകൻ രണ്ടും, ലാഹിരു ഗാമേജ്, ദിൽരൂവൻ പെരേര എന്നിവർ ഒന്നും വീതം വിക്കറ്റുകൾ വീഴ്ത്തി.

ഇന്ത്യൻ ടീമിന്റെ ആധിപത്യം കണ്ട ആദ്യ ദിനം കളി അവസാനിക്കുമ്പോൾ 371-4 എന്ന ശക്തമായ നിലയിലാണ് ആതിഥേയർ. 156 റൺസുമായി ക്യാപ്റ്റൻ വിരാട് കോഹ്ലിയും 6 റൺസുമായി രോഹിത്ത് ശർമ്മയുമാണ് നിലവിൽ ക്രീസിലുള്ളത് പരമ്പരയിൽ 1-0 എന്ന ലീഡ് ഇന്ത്യയ്ക്കുണ്ട്. മഴയിൽ കുതിർന്ന കൊൽക്കത്തയിലെ ആദ്യ മത്സരം സമനിലയിലവസാനിച്ചപ്പോൾ രണ്ടാം മത്സരം ഇന്ത്യ വിജയിച്ചിരുന്നു. അവസാന മത്സരത്തിൽ ജയിച്ച് പരമ്പര സമനിലയിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് മരതക ദ്വീപുകാർ ഇന്നത്തെ മത്സരത്തിനിറങ്ങിയതെങ്കിലും മികച്ച രീതിയിൽ ബാറ്റ് വീശിയ ഇന്ത്യൻ ബാറ്റ്സ്മാന്മാരുടെയടുത്ത് അവയെല്ലാം ചൂളിപ്പോവുകയായിരുന്നു