SHARE

അടുത്ത മാസം നടക്കാനിരിക്കുന്ന സാഫ് കപ്പിനായി ഇന്ത്യൻ ടീം ഈ മാസം അവസാനം പുറപ്പെടും. ഒക്ടബോർ ഒന്നിന് മാലിദ്വീപിലാണ് ടൂർണമെന്റ് തുടങ്ങുക. എന്നാൽ ടൂർണമെന്റ് ഉദ്​ഘാടനത്തിന് മൂന്ന് ദിവസം മുമ്പ് ടീമുകൾ എത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഈ മാസം 28-ന് ഇന്ത്യടക്കമുള്ള എല്ലാ രാജ്യങ്ങളുടേയും സ്ക്വാഡ് മാലിദ്വീപിലെത്തും,

കഴിഞ്ഞ വർഷം പാകിസ്ഥാനിലായിരുന്നു ടൂർമെന്റ് നടത്തേണ്ടിയിരുന്നത്. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ടൂർണമെന്റ് ആ​ദ്യം ഈ വർഷം ബെം​ഗ്ലാദേശിലേക്കും പിന്നീട് മാലിദ്വീപിലേക്കും മാറ്റുകയായിരുന്നു. ഇന്ത്യക്ക് പുറമെ മാലിദ്വീപ്, ബെം​ഗ്ലാ​ദേശ്, ശ്രീലങ്ക,നേപ്പാൾ എന്നിവരാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഇവർ ഒരേ ​ഗ്രൂപ്പിൽ പരസ്പരം ഏറ്റുമുട്ടും. ഒടുവിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്നവർ തമ്മിൽ ഫൈനലിൽ മത്സരിക്കും.

ടൂർണമെന്റ് ഒന്നാം തിയതി തുടങ്ങുമെങ്കിലും നാലിന് ബെം​ഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. എന്നാൽ കോവിഡ‍് ചട്ടങ്ങൾ പ്രകാരം നേരത്തെ എത്തണമെന്ന് നിർദേശമുള്ളതിനാൽ ഇന്ത്യൻ ടീം 27-ന് ബെം​ഗളുരുവിൽ ഒത്തുകൂടും. എന്നിട്ട് തൊട്ടടുത്ത ദിവസം മാലിദ്വീപിലേക്ക് പറക്കും. സീനിയർ ടീമിനെ തന്നെയാണ് ഇന്ത്യ ടൂർണമെന്റിന് അയക്കുകയെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ വൈകാതെ തന്നെ ടൂർണമെന്റിനുള്ള സ്ക്വാഡിനെ പ്രഖ്യാപിക്കുമെന്നാണ് സൂചന.