SHARE

ഖത്തറിൽ നടക്കുന്ന ലോകകപ്പ് യോ​ഗ്യതാ മത്സരങ്ങൾക്കായി ഇന്ത്യക്ക് മുന്നിലുള്ളത് വലിയ കടമ്പകൾ. ജൂൺ മൂന്നിന് നടക്കുന്ന ആദ്യ മത്സരത്തിനായി ഇതുവരെ ടീം യാത്രതിരിച്ചിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യക്ക് ഒരുങ്ങാനായി ലഭിക്കുന്നത് രണ്ടാഴ്ച സമയം മാത്രമാണ്.

മൂന്ന് മത്സരങ്ങളാണ് ഇന്ത്യക്ക് ഇനി ശേഷിക്കുന്നത്. എന്നാൽ ടീം ഇതുവരെ ഖത്തറിലേക്ക് യാത്ര തിരിച്ചിട്ടില്ല. ഡെൽഹിയിൽ ടീം ഒത്തുചേർന്ന് കോവിഡ് പരിശോധനയ്ക്ക് ശേഷമെ ഖത്തറിലേക്ക് വിമാനം കയറു. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പ്രകാരം 28 പോരാണ് ഖത്തറിലേക്ക് പോകേണ്ടത്. ഇവരോട് ഡെൽഹിയിലെത്താൻ നിർദേശിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ 16 താരങ്ങളെ എത്തിയിട്ടുള്ളു. ബാക്കിയുള്ളവർ കൂടി എത്തിയശേഷം മെയ് 18-ന് കോവിഡ് പരിശോധന നടത്തും.

ഇതിന്റെ ഫലം വന്നശേഷം നെ​ഗറ്റീവായരുമായി മെയ് പത്തൊമ്പതിനോ ഇരുപതിനോ ഖത്തറിലേക്ക് പറക്കാനാണ് തീരുമാനം. ഖത്തർ ഫുട്ബോൾ അസോസിയേഷന്റെ ഇടപെടൽ കാരണം, പത്ത് ദിവസത്തെ ക്വാറന്റീൻ കളിക്കാർക്ക് ഒഴിവാക്കിക്കിട്ടി. ഇതോടെ ഖത്തറിലെത്തിയാലുടൻ തന്നെ കളിക്കാർക്ക് പരിശീലനം തുടങ്ങാം.

കരുത്തരായ ഖത്തറിനെതിരായാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇവിടെ നിന്ന് പുറപ്പെടുന്ന ദിവസം കണക്കൂകൂട്ടി നോക്കിയാൽ പരമാവധി 12 ദിവസങ്ങളെ ഇന്ത്യക്ക് പരിശീലനത്തിന് ലഭിക്കുകയുള്ളു. ഐ.എസ്.എല്ലിന് ശേഷം പന്ത് തട്ടാത്ത താരങ്ങൾ സ്ക്വാഡിലുള്ളതിനാൽ ഈ ചുരങ്ങിയ സമയം കൊണ്ട് ടീമിനെ ഒരുക്കുക എന്നത് പരിശീലകൻ ഇ​ഗോർ സ്റ്റിമാച്ചിന് കടുത്ത വെല്ലുവിളിയാണ്.

മത്സരങ്ങൾക്കുള്ള സ്ക്വാഡിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും റിപ്പോർട്ടുകൾ പ്രകാരം കളിമികവിനേക്കാളുപരി ശാരീരികമായി ഫിറ്റായ താരങ്ങളെ സ്ക്വാഡിലുൾപ്പെടുത്താനാണ് തീരുമാനം. ഇക്കാര്യത്തിൽ സ്ഥിരീകരണമൊന്നുമില്ല. കുടുംബാം​ഗങ്ങൾക്ക് കോവിഡ് ബാധിച്ചിട്ടുള്ള താരങ്ങളേയും സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് സൂചന.